Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
പാചകം
  Add your Comment comment
ഇടുക്കിയുടെ സ്വന്തം കപ്പ ബിരിയാണിയുടെ ചേരുവ
reporter
ഇടുക്കിക്കാരുടെ സ്വന്തം വിഭവമാണ് കപ്പ ബിരിയാണി. അതു കോട്ടയത്തുകാരും ഏറ്റെടുത്തു. ഇപ്പോള്‍ ലോകം മുഴുവനും മലയാളികള്‍ സ്വാദിഷ്ടമായി കഴിക്കുന്നു ബീഫ് കലര്‍ത്തിയ കപ്പ ബിരിയാണി.

കപ്പ - ഒരു കിലോ

ചിരവിയ തേങ്ങ - അര മുറി

പച്ചമുളക് - 6 എണ്ണം

ഇഞ്ചി - 1 കഷണം

ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ
(എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം.
വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. )

മല്ലിപ്പൊടി - 4 ടീസ്പൂണ്‍

മുളകുപൊടി - 4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍

മീറ്റ് മസാലപ്പൊടി - 2 ടീസ്പൂണ്‍

സവാള വലുത് - 4 എണ്ണം

വെളുത്തുള്ളി - 16 അല്ലി

ചുവന്നുള്ളി - 8 എണ്ണം

കുരുമുളക് - 1 ടീസ്പൂണ്‍

ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്‍

ഉപ്പ്, കറിവേപ്പില,വെളിച്ചണ്ണ , കടുക് - പാകത്തിന്

തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീല്‍ ചരുവത്തില്‍ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവില്‍ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

അടുത്തതായി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും നെടുകെ കീറിയ പച്ചമുളകും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരു ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാലയും കാല്‍ ടീസ്പൂണ്‍ ഗരം മസാല പൗഡറും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരല്ലി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇറച്ചിയില്‍ നന്നായി അരപ്പു പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക.

അരപ്പു പിടിക്കാനായി മാറ്റി വച്ചിരിക്കുന്ന ഇറച്ചി അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.

അടുത്തതായി, ചിരകിയ തേങ്ങയും ചെറുതായി നാലായി കീറിയ ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങ സ്വര്‍ണ നിറമാകുമ്പോള്‍ ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞല്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഇറച്ചി മസാല, അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി എന്നിവ കൂടിയിട്ട് ഇളക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക. തേങ്ങ വറുത്തത് തണുത്ത ശേഷം വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കുക.

ഇനി വെന്ത കപ്പയുടെ വെള്ളം ഊറ്റിക്കളഞ്ഞ് വായ് വട്ടമുള്ള ഒരു ഉരുളിയിലേക്ക് മാറ്റുക. ഇതിലേക്ക് തേങ്ങ അരച്ചു വെച്ചിരിക്കുന്നത് ചേര്‍ത്ത് ഉടച്ചിളക്കുക. അതേസമയം കപ്പ ഉടച്ച് കുഴമ്പു രൂപത്തില്‍ ആക്കുകയും ചെയ്യരുത്.

അടുത്തതായി ബീഫ് കഷണങ്ങള്‍ കറി വറ്റിച്ച് കോരി കപ്പയിലേക്ക് ചേര്‍ക്കുക. ഇനി മൂന്നു ചേരുവകളും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, ഒരല്ലി കറിവേപ്പിലയും ഇറച്ചിയുടെ അരപ്പും കൂടി ചേര്‍ത്തിളക്കുക.

ഇറച്ചിയുടെ അരപ്പ് മുഴുവനും ചേര്‍ക്കരുത്, ചെറുതായി ഒന്നു കുഴയ്ക്കാന്‍ പരുവത്തിന് ചേര്‍ത്താല്‍ മതിയാവും. ഇനി, ഉരുളി അടുപ്പില്‍ വച്ച് കപ്പയില്‍ ഒരു തവണ കൂടി ആവി കയറ്റി എടുക്കുക. കപ്പ ബിരിയാണി അഥവാ എല്ലിന്‍ കപ്പ തയ്യാര്‍.
 
Other News in this category

 
 




 
Close Window