Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഫാത്തിമാ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കുന്നു
ഫാ. ബിജു കുന്നയ്ക്കാട്ട്
ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്, ജസീന്ത എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്റ്റണ്‍ കത്തീഡ്രലില്‍ 11 മണിക്ക് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോട് അനുബന്ധിച്ചായിരിക്കും തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കുക. വൈദികരുടേയും സന്ന്യാസിനികളുടെയും അല്‍മായരുടെയും സാന്നിധ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലായിരിക്കും തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നത്.

ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഫാത്തിമയില്‍ (പോര്‍ച്ചുഗല്‍) എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 2017 മേയ് 13ന് നടന്ന ദിവ്യബലിമധ്യേ ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. മാതാവിന്റെ ദര്‍ശനം ലഭിച്ചതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് ഫ്രാന്‍സിലും മൂന്ന് വര്‍ഷം കഴിഞ്ഞ് ജസീന്തയും മരിച്ചു. സുദീര്‍ഘമായ വര്‍ഷങ്ങളിലെ അവശ്യമായ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഈ വര്‍ഷം മെയ് 13-ാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ദിവസം ഇവര്‍ ഇരുവരെയും സഭ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 20 ആണ് ഇവരുടെ തിരുനാള്‍ ദിവസമായി സഭ കൊണ്ടാടുന്നത്.

ശാരീരിക അസുഖമുള്ളവരുടെയും പോര്‍ച്ചുഗീസ് കുട്ടികളുടെയും തടവുകാരുടെയും തടവറയില്‍ കഴിയുന്നവരുടെയും രോഗികളുടെയും മധ്യസ്ഥരായാണ് ഇവര്‍ സഭയില്‍ അറിയപ്പെടുന്നത്. ഫ്രാന്‍സിസിനോടും ജസീന്തയോടുമൊപ്പം ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂസിയ (സി. ലൂസി) സന്ന്യാസിയാവുകയും 2005ല്‍ തന്റെ 97-ാം വയസില്‍ മരിക്കുകയും ചെയ്തു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുവാനുള്ള നാമകരണ പ്രക്രിയയില്‍ ഇപ്പോള്‍ ദൈവദാസിയായാണ് (Servant of God) സി. ലൂസി അറിയപ്പെടുന്നത്.
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വി. ഫ്രാന്‍സിസിന്റെയും വി. ജസീന്തയുടെയും തിരുശേഷിപ്പ് പ്രതിഷ്ഠയെത്തുടര്‍ന്ന് ലദീഞ്ഞു പ്രാര്‍ത്ഥനയും തിരുശേഷിപ്പ് വന്ദനവും ഉണ്ടായിരിക്കും. വിശുദ്ധരുടെ ബഹുമാനാര്‍ത്ഥം നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കൃതജ്ഞതാബലിയിലും തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മ്മത്തിലും എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികരോടൊപ്പം അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും സാധിക്കുന്ന എല്ലാവരും ദൈവത്തിനു നന്ദി പറയാനായി അന്നേ ദിവസം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.
 
Other News in this category

 
 




 
Close Window