Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണ്ണാഭമായി
അപ്പച്ചന്‍ കണ്ണഞ്ചിറ
വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരുന്നു. പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു സന്ദേശം നല്‍കി.
കുടുംബ ബന്ധങ്ങളെ കാര്യമാത്ര പ്രസക്തമായി തന്റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് "ദൈവ കല്‍പ്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കള്‍ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയില്‍ ദൈവത്തെ സാക്ഷ്യമാക്കി വാഗ്‌ദാനങ്ങള്‍ നല്‍കി ആശീര്‍വദിച്ചു തുടങ്ങുന്ന ബന്ധങ്ങള്‍ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാര്‍ത്ഥനയിലും സ്നേഹത്തിലും അധിഷ്‌ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാന്‍ കടമയുണ്ടെന്നും പിതാവോര്‍മ്മിപ്പിച്ചു.
കൂടുമ്പോള്‍ ഇമ്പമേകുന്നതാണ് കുടുംബം. ആ കുടുംബങ്ങളില്‍ എന്നും സന്തോഷവും ആരോഗ്യവും സമാധാനവും ഉണ്ടാവും. അവിടെ ഈശ്വര സാന്നിദ്ധ്യവും അനുഗ്രഹങ്ങളും സദാ ഉണ്ടായിരിക്കും. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ നന്മകളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേര്‍ക്കുക" എന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.
പിതാവിന്റെ പാരീഷ് ഡേ സന്ദേശത്തിനു ശേഷം ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈവിദ്ധ്യമാര്‍ന്ന മികച്ച കലാ പരിപാടികള്‍ 'പാരീഷ് ഡേ' ആഘോഷത്തെ പ്രൗഢ ഗംഭീരമാക്കി.
ബൈബിള്‍ സംഭവങ്ങളുടെ പുനരാവിഷ്ക്കാരമായ 'സമാഗമവും' ആല്മീയ ചൈതന്യം മുറ്റിയ 'ഫാത്തിമായുടെ സന്ദേശവും' വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും, ദിവ്യ സന്ദേശങ്ങള്‍ വിളിച്ചോതിയ ദൃശ്യാവിഷ്ക്കാരങ്ങളും ആല്മീയ ശോഭ നിറച്ച അത്ഭുത വേദി മുഴു നീളം ആസ്വാദ്യകരമായി. നൃത്തങ്ങളിലൂടെയും ഗാനാവിഷ്കാരങ്ങളിലൂടെയും ദിവ്യ സന്ദേശങ്ങള്‍ പ്രഘോഷിച്ച പാരീഷ് ദിനാഘോഷം ആല്മീയോത്സവമാകുകയായിരുന്നു.
സ്റ്റീവനേജ് കമ്മ്യുണിറ്റി അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ 'സമാഗമം' എന്ന ബൈബിള്‍ നാടകത്തില്‍ കഥാപാത്രങ്ങള്‍ മത്സരിച്ചു നടത്തിയ അഭിനയ പാഠവം, ബൈബിള്‍ കഥാപാത്രങ്ങളെ നേര്‍ക്കു നേര്‍ കണ്‍മുമ്പില്‍ കാണുന്ന അവാച്യമായ അനുഭവം പകരുന്നതായി.ജോഷി സംവിധാനം ചെയ്തു പ്രിന്‍സണ്‍ പാലാട്ടി മുഖ്യകഥാപാത്രമായും, ജോയി, സിസിലി, തോമസ്, സിബി, ജിനേഷ്,സജന്‍ , തങ്കച്ചന്‍ ,ടെസ്സി, ജിമ്മി, മേഴ്‌സി തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ 'സമാഗമം' 'പാരീഷ്ഡേ'യുടെ മുഖ്യാകര്‍ഷണമായി.
കുട്ടികള്‍ അവതരിപ്പിച്ച 'ഫാത്തിമായുടെ സന്ദേശവും' പാരീഷ് ദിനാഘോഷത്തില്‍ മികച്ച ഹൈലൈറ്റുകളിലൊന്നായി. മാതൃ സ്നേഹത്തിന്റെ ഉറവ തേടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ശുദ്ധീകരണ സ്ഥലത്തെ ആല്മാക്കളുടെ മുക്തിക്കായുള്ള പ്രാര്‍ത്ഥനാ യാചനകളും സന്ദേശമായി നല്‍കിയ അവതരണത്തില്‍ ലിസ് ജോയി മാതാവായും മരിറ്റ, സാവിയോ, ലെന എന്നിവര്‍ ലൂസിയ, ഫ്രാന്‍സിസ്‌കോ, ജസീന്ത എന്നിവരായും മികച്ച പ്രകടനമാണ് അഭിനയ വേദിയില്‍ പുറത്തെടുത്തത്. ടെറീന ഷിജി കലാ സംവിധാനം നിര്‍വ്വഹിച്ചു.
ക്യാറ്റക്കിസം ബൈബിള്‍ കലോല്സവം തുടങ്ങിയവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്തു. നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി തഥവസരത്തില്‍ പിതാവ് അഭിനന്ദിച്ചു.
സ്റ്റീവനേജ് 'പാരീഷ് ഡേ' വേദിക്കായി സൗകര്യം ഒരുക്കുവാനും ആഘോഷം വിജയപ്രദമാക്കുവാനും സജീവ നേതൃത്വം നല്‍കി സഹകരിച്ച സാംസണ്‍ ജോസഫിന് കമ്മ്യുണിറ്റി പ്രത്യേകമായ നന്ദി പ്രകാശിപ്പിച്ചു.

ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, ജിമ്മി ജോര്‍ജ് നന്ദിയും നേര്‍ന്നു. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window