|
ആഘോഷത്തിന് യാതൊരു കുറവും വരുത്തരുത്. ഇറച്ചി മാത്രം പോരല്ലോ. മീന്‍ കറിയും വേണം. മീന്‍ പാല്‍ക്കറിയാവട്ടെ സ്‌പെഷല്‍. ശ്രദ്ധയോടെ ചേരുവകള്‍ ചേര്‍ത്ത് മസാല പിടിപ്പിച്ച് കറി വയ്ക്കുക. അപ്പത്തിന്റെ കാര്യം മലയാളികളെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.
ചേരുവ
മീന്‍ - ഒരു കിലോ (കഷണം വെട്ടിയത്)
സവാള - നാലെണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി - 8 അല്ലി (അരിഞ്ഞത്)
ഇഞ്ചി - ഒരു സ്പൂണ്‍ (അരിഞ്ഞത്)
പച്ചമുളക് - 5 (കീറിയത്)
തക്കാളി 1 - (അരിഞ്ഞത്)
മുളകുപൊടി - 2 സ്പൂണ്‍
മല്ലിപ്പൊടി - 2 സ്പൂണ്‍,
മഞ്ഞള്‍പൊടി - അരസ്പൂണ്‍,
പുളി പിഴിഞ്ഞ വെള്ളം, ഉപ്പ്, കറിവേപ്പില (പാകത്തിന്)
തേങ്ങാപാല്‍ ആദ്യത്തേത് - 1 കപ്പ്,
തയാറാക്കുന്ന വിധം
ഒരു പാനില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞു വച്ചതെല്ലാം ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴറ്റി എണ്ണ തെളിഞ്ഞാല്‍ മസാല പൊടികള്‍ എല്ലാം ചേര്‍ത്തിളക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക. ഇതില്‍ ഒരുകപ്പ് വെള്ളവും ചേര്‍ക്കുക. തിളച്ചു തുടങ്ങിയാല്‍ മീന്‍ ഇട്ട് ചെറുതീയില്‍ വേവിക്കുക. മീന്‍ വെന്താല്‍ തേങ്ങാപ്പാലും കറിവേപ്പിലയും ഇട്ട് ഒന്നു തിളപ്പിച്ച ശേഷം വാങ്ങിവയ്ക്കാം. |