|
മാക്‌സി സ്‌കൂട്ടര്‍ രൂപകല്‍പനയില്‍ പുതിയ മോഡലുമായി കളം പിടിക്കാന്‍ സുസൂക്കി. രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണവുമായി ബര്‍ഗ് മാന്‍ സ്ട്രീറ്റ് 125 ജൂലൈ 19 ന് വിപണിയിലെത്തും. മോഡലിന്റെ പ്രീബുക്കിംഗ് സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ് മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്‌സി സ്‌കൂട്ടര്‍ രൂപകല്‍പനയാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റിന്. തടിയന്‍ ലുക്കാണ് എന്നതാണ് മോഡലിന്റെ എടുത്തു പറയേണ്ട പ്രത്യേകത. സ്റ്റെപ് അപ് ഘടന പിന്തുടരുന്ന സീറ്റുകള്‍ വിശാലമാണ്. എക്‌സ്‌ഹോസ്റ്റ് മഫഌ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്‌സ്‌ഹോസ്റ്റ് മഫഌ ശൈലി ബര്‍ഗ് മാന്‍ സ്ട്രീറ്റിനെ സഹായിക്കും. മുന്‍ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.
124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനിലാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റ് ഒരുങ്ങുന്നത്. 8.5 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും ഈ എഞ്ചിനില്‍ നിന്ന് പ്രതീക്ഷിക്കാം. 125 സിസി ശ്രേണിയിലേക്കാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റിന്റെ നോട്ടം. മോഡലിന് 60,000 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കാം. അയ്യായിരം രൂപ അടച്ച് മോഡലിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. |