|
ഫെബ്രുവരി ഇരുപതിന് പന്ത്രണ്ടാമത് 'ആറ്റുകാല്‍ പൊങ്കാല'ക്കു ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്കായി ഈ വര്‍ഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്കാരിക-സാമൂഹിക സംഘടനയാണ്.
ഫെബ്രുവരി 20 നു രാവിലെ ഒമ്പതു മണിക്ക് പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതീ ഭക്തര്‍ ഇത്തവണ ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.
പ്രാര്‍ത്ഥനയുടെയും,വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോവുവാന്‍ കഴിയുന്നതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു.
ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കുന്നതോടെ പൊങ്കാലയുടെ ആരംഭം കുറിക്കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.
ഈസ്റ്റ്ഹാം എംപിയും, മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി ഈ വര്‍ഷവും പങ്കു ചേരും. കൗണ്‍സിലര്‍മാര്‍ , കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടാവും. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കു മെമ്പര്‍മാരോടൊപ്പം നിരവധി ദേവീ ഭക്തരുടെ നീണ്ട നിരതന്നെ പൊങ്കാലയര്‍പ്പിക്കുന്നതായിരിക്കും.
ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസ്സുകാര്‍ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വയം പ്രോപ്പര്‍ട്ടി, ആനന്ദ് ടി വി & ആനന്ദ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളൊക്കൊപ്പം ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ പ്രശസ്ത റസ്റ്റോറന്റുകള്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും BAWN ന്റെ ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നില്‍ ഊര്‍ജ്ജം പകരുവാന്‍ സദാ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ഓമന ഗംഗാധരന്‍ - 07766822360
ശ്രീ മുരുകന്‍ ടെമ്പിള്‍ - 02084788433
വിലാസം
London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF |