യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുകെകെസിഎ അതിന്റെ നാലാമത് കലാമേള മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് തയ്യാറെടുക്കുകയാണ്. രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടത്തപ്പെടുന്ന ഇത്തരം കലാമാമാങ്കങ്ങളെ യുകെയിലെ ക്‌നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ കമ്മറ്റിയുടെ പ്രവര്‍ത്തങ്ങള്‍ പരിശോധിച്ചാല്‍ നടത്തപ്പെട്ട പരിപാടികളെല്ലാം അപൂര്‍വ്വതകള്‍കൊണ്ട് ചരിത്രമാകുന്ന കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 40 ഇനങ്ങളില്‍ 1050-ല്‍പ്പരം മത്സരാര്‍ത്ഥികളുമായാണ് യുകെകെസിഎ കലാമേള നാളെ അരങ്ങേറുക. യുകെകെസിഎയുടെ ശക്തി സ്രോതസുകളായ 51 യൂണിറ്റുകളെ മത്സരത്തിനിറക്കുമ്പോള്‍ കലാതിലകത്തിനും കലാപ്രതിഭയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് മൂര്‍ച്ഛയേറും. ആറ് വേദികളായി ഒരേസമയം പുരോഗമിക്കുന്ന മത്സരയിനങ്ങള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഗ്ലോസ്റ്ററിലെ CRYPT സ്‌കൂളാണ്. വിശാലമായ സ്‌കൂള്‍ ഓഡിറ്റോറിങ്ങളും അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയും കലാവിസ്മയത്തിന് ചാരുതയേകും. രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരയിനങ്ങള്‍ ഇടവേളകളില്ലാതെയാണ് നടത്തപ്പെടുന്നത്. 7 മണിയോടെ സമാപിക്കുന്ന ദൃശ്യവിരുന്ന് സമാപിക്കുന്നത് പുതിയ കലാതിലകത്തിന്റെയും കലാപ്രതിഭയുടെയും പിറവിയോടെയായിരിക്കും. യൂണിറ്റുകള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു .