|
ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ 2019 ഏപ്രില്‍ 20 ശനിയാഴ്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ കമ്മറ്റിയുടെ ആദ്യ കമ്മിറ്റി മീറ്റിംഗില്‍ റീജിയണല്‍ പ്രസിഡണ്ട് ബാബു മങ്കുഴി അദ്ധ്യക്ഷത വഹിച്ചു. റീജിയണല്‍ സെക്രട്ടറി സിബി ജോസഫ് സ്വാഗതം ആശംസിച്ചു. തന്റെ സ്വാഗത പ്രസംഗത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി പിന്തുടരുന്ന ഐക്യവും ഒത്തൊരുമയും ആണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കെട്ടുറപ്പിന് കാരണമെന്നും ആ ഐക്യവും ഒത്തൊരുമയും ശക്തമാക്കാന്‍ ഈ കമ്മറ്റിയും ശ്രമിക്കുമെന്നും മുന്‍ സെക്രട്ടറിയും നിലവിലെ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗവുമായ ജോജോ തെരുവന്റെ ഏകോപന ശൈലി പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നത് എന്ന് സിബി അറിയിച്ചു.
റീജിയന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാര്‍ത്ഥ ലാഭേച്ഛ ഇല്ലാതെ, കക്ഷി-രാഷ്ട്രീയ പ്രേരിതമല്ലാതെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് ബാബു മങ്കുഴി റീജിയന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നു.
ഒറ്റക്കെട്ടായുള്ള റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകണമെന്നും, യുക്മ നാഷണല്‍ കമ്മിയുടെ പ്രഖ്യാപിത പരിപാടികള്‍ യഥാക്രമം റീജിയണല്‍ തലത്തിലും നടപ്പില്‍ വരുത്തണമെന്നും കമ്മിറ്റിയില്‍ തീരുമാനമായി.
യുക്മ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന യുക്മയുടെ പ്രഖ്യാപിത ലക്ഷ്യം മുന്‍ നിര്‍ത്തി, ഈസ്റ്റ് ആംഗ്ലിയ റീജിയനെ കര്‍മ്മപഥത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന പരിചയസമ്പന്നരെയും, അഭ്യുദയകാംക്ഷികളെയും ചേര്‍ത്തുകൊണ്ട് വേണം ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മുമ്പോട്ട് പോകേണ്ടത് എന്ന ആശയം അംഗീകരിക്കപ്പെട്ടു. റീജിയണല്‍ സ്‌പോര്‍ട്ട്‌സ് മീറ്റ്, റീജിയണല്‍ കലാമേള എന്നിവ ഭംഗിയായി നടത്തുവാനും ,റീജിയനോട് സഹകരിക്കാന്‍ താല്പര്യപ്പെടുന്ന ഇതര അസോസിയേഷനുകളെ റീജിയന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും കമ്മിറ്റി ചര്‍ച്ച ചെയ്തു.
റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, വിപുലപ്പെടുത്തുന്നതിനും പരിചയ സമ്പന്നരായ മുന്‍ യുക്മ ഭാരവാഹികളെ ഉത്തരവാദിത്തങ്ങള്‍ നല്‍കി കമ്മിറ്റിയോട് ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇപ്രകാരം മുന്‍ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രന്‍സീസ് മാത്യു കവളക്കാട്ടില്‍,മുന്‍ നാഷണല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, മുന്‍ റീജിയണല്‍ ട്രെഷറര്‍ ഷാജി വര്‍ഗ്ഗീസ് എന്നിവരെ റീജിയന്റെ ഉപദേശക സമിതി അംഗങ്ങളായി റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു.
യുക്മ എന്ന ലാഭേച്ഛ ഇല്ലാതെ, ജാതി-മത-രാഷ്ട്രീയ താല്പര്യങ്ങള്‍ക്കതീതമായി, യു കെ മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട സംഘടനകളുടെ സംഘടനയുടെ ദേശീയ ഇലക്ഷനുമായി ബന്ധപ്പെട്ടും, അതിനു ശേഷം നാഷണല്‍ കമ്മിറ്റി എടുത്ത നിലപാടുകളും സംഘടനക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത കുറയുവാന്‍ കാരണമായി എന്ന് ഈസ്‌റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി നിരീക്ഷിച്ചു. സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി,
തോറ്റ സ്ഥാനാര്‍ത്ഥിയെ റീജിയണല്‍ പ്രസിഡണ്ടായി നിയോഗിക്കാനുള്ള നാഷണല്‍ ഭാരവാഹികളുടെ തീരുമാനം റീജിയനുകളുടെ പരമാധികാരത്തില്‍ ഉള്ള കടന്നുകയറ്റമാണെന്നും അഭിപ്രായം ഉയര്‍ന്നു. സമാന സാഹചര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന മറ്റൊരു റീജിയണിലെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടിയെടുക്കാത്തത് തുല്യനീതി നടപ്പില്‍ വരുത്തുന്നതിനുള്ള വീഴ്ചയാണെന്നും യോഗം വിലയിരുത്തി.
യുക്മയുടെ പ്രവര്‍ത്തനപരിപാടികളിലും, ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം തുടരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ,യുക്മ എന്ന ജനകീയ കൂട്ടായ്മക്ക് വേണ്ടി നിലകൊള്ളുമെന്നും, എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ട്രഷറര്‍ അജു ജേക്കബ് പ്രസ്താവിച്ചു. |