|
ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്തവും സംഗീതവും ഒന്ന് ചേര്‍ന്ന 'വര്‍ണ്ണനിലാവ് 2019' അവതരണ മികവിലും സംഘാടക മികവിലും ഉന്നത നിലവാരം പുലര്‍ത്തി. 2019 ഏപ്രില്‍ 28 ഞയറാഴ്ച് വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ബാര്‍ക്കിങ് റോഡിലുള്ള ശ്രീ നാരായണ മിഷന്‍ ഹാളില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി സംഘാടകരായ റജി നന്തികാട്ട്, സി.എ. ജോസഫ്, സിസിലി ജോര്‍ജ്ജ് എന്നിവര്‍ അണിനിരന്ന വേദിയില്‍ പ്രമുഖ ഗായക ദമ്പതിമാരായ ജെ.എം. രാജുവും ലതാരാജുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെ കലാസന്ധ്യക്ക് തുടക്കമായി. വക്കം ജി. സുരേഷ്‌കുമാര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സി. എ. ജോസഫ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.
ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട നൃത്തത്തിന്റ വിവിധ രൂപങ്ങളും ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകരുടെ സംഗീതാലാപനവും കാണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഡോ. പ്രീത സുഗേഷ് അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ നൃത്താവിഷ്‌കാരം കാണികള്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം പ്രദാനം ചെയ്തു.ജോന പ്രകാശും അശ്വിനി അജിതും ഭരതനാട്യത്തിന്റെ മനോഹാരിത വേദിയില്‍ തീര്‍ത്തപ്പോള്‍ ചടുലമായ ചുവടുകളോടെ തേജസ് ബൈജുവും മേഘ്‌ന രഘുലാലും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികളുടെ മനം കവര്‍ന്നു.
റാണി രഘുലാല്‍ ആന്‍ഡ് ടീം അവതരിപ്പിച്ച ഒപ്പന, സൗമ്യ ഷൈജു ആന്‍ഡ് ടീം അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സ് , കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സീന അജീഷ് ആന്‍ഡ് ടീം കാഴ്ചവച്ച സംഘനൃത്തവും വര്‍ണ്ണനിലവിന്റെ വേദിയെ വേറൊരു ലോകത്തേക്ക് നയിച്ച കലാപരിപടികളയായിരുന്നു
സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയും കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ആശ്വാസം പകരുന്ന ജേക്കബ് എബ്രഹാമിന് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആദരവ്. ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ സി. എ. ജോസഫ് ജേക്കബ് എബ്രഹാമിനെ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദി കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷമായി കലാസാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും നിറ സാന്നിധ്യമായ വക്കം ജി. സുരേഷ്‌കുമാറിനും ഇരുപത്തഞ്ചു വര്‍ഷമായി കലാരംഗത്ത് തുടരുന്ന ബീനാ പുഷ്‌കാസിനും നല്‍കി. നാടകരംഗത്ത് സംവിധായകനായും നടനായും തിളങ്ങുന്ന ശശി എസ് കുളമട ബീനാ പുഷ്‌കാസിനും മുഖ്യാതിഥി പ്രമുഖ ഗായകനും സംഗീതജ്ഞനും ആയ ജെ. എം. രാജു വക്കം ജി. സുരേഷ്‌കുമാറിനും പുരസ്‌കാരങ്ങള്‍ നല്‍കി.
മലയാള ചലച്ചിത്ര ലോകത്ത് ആദ്യകാല സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രമുഖ ഗായിക ദമ്പതിമാരായ ജെ. എം. രാജുവും ലതാ രാജുവും ചേര്‍ന്ന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗാനങ്ങള്‍ ആലപിച്ചത് കാണികള്‍ വളരെ ശാന്തമായി ആസ്വദിച്ചു.
ഗായകരായ അലക്‌സ്, പ്രകാശ്, സ്മിതാ പ്രകാശ്, ജോമോന്‍ മാമൂട്ടില്‍, ഡെന്ന ആന്‍ ജോമോന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ച് വര്‍ണ്ണനിലവിനെ സംഗീത സാന്ദ്രമാക്കി. മഞ്ജു മന്ദിരത്തില്‍ കവിത ആലപിച്ചു. സ്റ്റേജ് നിയന്ത്രണവും അവതാരകയുടെ ജോലിയും സീന അജീഷ് ഭംഗിയായി നിര്‍വഹിച്ചു. ശബ്ദവും ലൈറ്റും അസ്ലം നിയന്ത്രിച്ചു. എന്‍ഫീല്‍ഡില്‍ നിന്നെത്തിയ ബിനു ജോസ് വര്‍ണ്ണനിലാവിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാമറയില്‍ പകര്‍ത്തി. ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട് കൃതജ്ഞത പറഞ്ഞു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി. എ. ജോസഫ്, സാഹിത്യകാരിയും സംഘാടകസമിതി അംഗവുമായ സിസിലി ജോര്‍ജ്ജ് അടങ്ങിയ കമ്മറ്റിയാണ് വര്‍ണ്ണനിലാവിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗുരു മിഷന്‍ ഹാള്‍ ക്രമീകരിക്കുന്നത് അടക്കം പല കാര്യങ്ങളിലും വക്കം ജി. സുരേഷ്‌കുമാര്‍ വര്‍ണ്ണനിലാവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഈസ്റ്റ് ഹാമിലും സമീപ പ്രദേശങ്ങളിലും നിന്നെത്തിയ കലാ പ്രേമികള്‍ക്ക് സംഗീതവും നൃത്തവും ഒന്ന് ചേര്‍ന്ന വര്‍ണ്ണനിലാവ് നല്ലൊരു കലാ സായാഹ്നം ആയിരുന്നു |