|
കോവിഡ് സാഹചര്യത്തില്‍ നിന്നു കൊണ്ട് തന്നെ ഐ.പി.എല്‍ 13-ാം സീസണ് തയ്യാ റടുപ്പുകള്‍ പുരോഗമിക്കുമ്പോല്‍ കളി പറച്ചിലിലും നിര്‍ണായക മാറ്റത്തിന് നീക്കം. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാര്‍ സ്വന്തം വീട്ടില്‍ നിന്ന് മത്സരങ്ങള്‍ക്ക് കമന്ററി പറയുന്ന വിര്‍ച്വല്‍ ആശയം നടപ്പിലാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് സാചര്യത്തില്‍ ദൂരെ യാത്രകള്‍ ബുദ്ധിമുട്ടിലായതാണ് ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി കമന്ററികളില്‍ ഈ രീതി കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ കൂടി തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളിലുള്ള കമന്ററിയെങ്കിലും ഇത്തരത്തില്‍ ചെയ്യാനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉദ്ദേശിക്കുന്നത്.
ടി20 ലോക കപ്പ് മാറ്റി വെച്ചതോടെ ഐപിഎല്‍ 13-ാം സീസണ്‍ യു.എ.ഇയില്‍ നടത്താന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് അനുമതി തേടി ബിസിസിഐ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 7 വരെയുള്ള തിയതികളിലാണ് ഐ.പി.എല്‍ നടത്താന്‍ ആലോചിക്കുന്നത്. സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014- ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇയിലാണ് നടന്നത്. |