|
ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിക്കുറച്ചു. മൂന്ന് വര്‍ഷത്തെ വിലക്ക് 18 മാസമായിട്ടാണ് കുറച്ചു നല്‍കിയിരിക്കുന്നത്. വിലക്കിനെതിരെ ഉമ്മര്‍ അക്മല്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഉമറിന് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം ഉമര്‍ അക്മല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ മറച്ചുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി വിലക്കിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.
നിലവിലെ ഉത്തരവ് അനുസരിച്ച് 2021 ഓഗസ്റ്റ് മാസം വരെയാവും അക്മലിന് വിലക്കുണ്ടാവുക. ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ സാധിക്കും. എന്നാല്‍ അത് എത്രത്തോളം സാധ്യമാണെന്ന് കണ്ട് തന്നെ അറിയണം. കാരണം അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പല തവണ ശിക്ഷ നേരിട്ട താരമാണ് ഉമര്‍. |