|
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബലി പെരുന്നാള്‍ ആഘോഷം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. ഇതിനു മറുപടി ആയാണ് ആരാധകര്‍ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
മാസ്‌ക് വെക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് താരങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ താരങ്ങള്‍ മാഞ്ചസ്റ്ററിലാണ് പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്ന് ഇംഗ്ലണ്ട് ടീമിനോടും പര്യടനം നടത്തിയ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ ടീമുകളോടും ഐസിസി നിര്‍ദ്ദേശിച്ചിരുന്നു. ഗ്രൗണ്ടിനകത്തും പുറത്തും ഇത് അനുസരിക്കണമെന്നും ഐസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചായിരുന്നു ടീം അംഗങ്ങളുടെ ആഘോഷം.
ഓഗസ്റ്റ് അഞ്ചാം തിയതിയാണ് പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി20കളും അടങ്ങുന്ന പര്യടനം സെപ്തംബര്‍ 2ന് അവസാനിക്കും. |