|
ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പരിശീലനത്തിനിറങ്ങും. ചെന്നൈയിലേക്ക് യാത്രതിരിക്കും മുന്നോടിയായുള്ള കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആയതോടെയാണിത്. കൊവിഡ് സാഹചര്യത്തില്‍ ബിസിസിഐ തയ്യാറാക്കിയിരിക്കുന്ന പ്രോട്ടോക്കോള്‍ പ്രകാരമാണ് ധോണി പരിശോധനയ്ക്ക് വിധേയനായത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ അവസാനിച്ച ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ക്രീസിലേക്ക് തിരിച്ചെത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. അതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് 'തല'യുടെ ബാറ്റിംഗിനായി കാത്തിരിക്കുന്നത്. ധോണിയുടെ ക്രിക്കറ്റ് ഭാവി സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഇത്തവണ ഐപിഎല്ലിന്റെ പ്രാധാന്യം കൂട്ടുന്നു. |