|
എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തികച്ചും അവിശ്വസിനീയമായ ഒരു വിടവാങ്ങല്‍. ധോണിയുടെ വിടവാങ്ങല്‍ ഏറെ വേദന നല്‍കുന്ന ഒന്നാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രതികരിച്ചു. രാജ്യത്തിനായി ധോണി നല്‍കിയ സംഭാവനകള്‍ എല്ലാക്കാലവും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
'ഓരോ ക്രിക്കറ്റ് കളിക്കാരനും ഒരു ദിവസം തന്റെ യാത്ര അവസാനിപ്പിക്കണം, എന്നാല്‍ നിങ്ങള്‍ അടുത്തറിയുന്ന ആരെങ്കിലും ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, ആ വേദന വളരെ വലുതാകും. രാജ്യത്തിനായി നിങ്ങള്‍ ചെയ്തതെല്ലാം എല്ലാവരുടെയും ഹൃദയത്തില്‍ നിലനില്‍ക്കും.' കോഹ്ലി ട്വീറ്റ് ചെയ്തു.
ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം. |