|
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. റെയ്ന വളരെ ചെറുപ്പവും ഊര്‍ജ്ജ സ്വലനുമാണെന്നും അദ്ദേഹത്തിന്റെ പോരാട്ടവീര്യം യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി കത്തില്‍ പറയുന്നു.
'ഓഗസ്റ്റ് 15-ന് നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ് എടുത്തത്. വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വളരെ ചെറുപ്പവും ഊര്‍ജ്ജസ്വലനുമാണ്. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റന് ആശ്രയിക്കാവുന്ന ബൗളറെന്ന നിലയിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും തലമുറകള്‍ നിങ്ങളെ ഓര്‍മ്മിക്കും. നിങ്ങളുടെ ഫീല്‍ഡിംഗ് മാതൃകാപരവും പ്രചോദനം നല്‍കുന്നതുമായിരുന്നു.'
'ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങളുടെ പ്രകടനം പ്രത്യേകിച്ചും പുതിയ ഫോര്‍മാറ്റായ ടി20യില്‍ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താവുതാണ്. ഇത് എളുപ്പമുള്ള ഫോര്‍മാറ്റല്ല. സമയത്തിന് അനുസരിച്ച് വളരെ പെട്ടെന്നു കളിയില്‍ മാറ്റം ആവശ്യപ്പെടുന്ന കളിയാണിത്. 2011-ലെ ലോക കപ്പില്‍, പ്രത്യേകിച്ചും അവസാന ഘട്ടങ്ങളില്‍ നിങ്ങളുടെ സംഭാവനകള്‍ ഇന്ത്യ ഒരിക്കലും മറക്കില്ല. നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ ഇനി കാണാനാവില്ലെന്നത് ഭൂരിഭാഗം ആരാധകരെയും നിരാശപ്പെടുത്തുമെന്ന് ഉറച്ച വിശ്വാസത്തോടെ തന്നെ പറയാന്‍ കഴിയും.' |