|
ഐ.പി.എല്‍ 13ാം സീസണിനായുള്ള ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകും. ഈ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാരടക്കം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപനത്തില്‍ നിന്ന് ബിസിസിഐ പിന്തിരിയുകയായിരുന്നു.
'നിലവിലെ സാഹചര്യം ടൂര്‍ണമെന്റിന് വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്നും എന്നാല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം ഇനിയും വൈകുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ടീമിന്റെ കാര്യത്തിലും ഉറപ്പ് പറയാന്‍ സാധിക്കാത്തതും ഷെഡ്യൂള്‍ പ്രഖ്യാപനത്തിന് തിരിച്ചടിയായിട്ടുണ്ട്.
യു.എ.ഇയിലെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ പരിശീലനത്തിന് ഇറങ്ങി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ആദ്യ പരിശീലന സെക്ഷന്‍ പൂര്‍ത്തിയാക്കി.
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. |