ഐ.പി.എല്‍ കമന്ററിക്കിടെ വിരാട് കോഹ്ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഗവാസ്കറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ ഗാവസ്കറെ ട്രോളുന്നത് നല്ല അര്‍ത്ഥത്തിലല്ലെന്നും വിഷയത്തില്‍ അനുഷ്ക ശര്‍മ അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
'ഇതിഹാസമായ സുനില്‍ ഗാവസ്കറിനെ ട്രോളുന്നത് നല്ല അര്‍ത്ഥത്തിലല്ല. അനുഷ്ക ശര്‍മ, നിങ്ങളിതിന് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. വിരാട് കോഹ്ലി എല്ലാവരും ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമാണ്. ശാന്തത കൈവിടാതെ ആസ്വദിക്കൂ. ആരെയും മോശക്കാരനാക്കി അവതരിപ്പിക്കുന്ന വ്യക്തിയല്ല സണ്ണി ഭായ് (ഗാവസ്കര്‍). ഇതൊരു ഫെമിനിസ്റ്റ് വിഷയമാക്കേണ്ട. വ്യക്തിപരമായും എടുക്കേണ്ട. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞതു തന്നെ വലിയൊരു അംഗീകാരമായി കാണുന്നയാളാണ് ഞാന്‍' കീര്‍ത്തി ആസാദ് ട്വിറ്ററില്‍ കുറിച്ചു. |