Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
മൂന്നു ദിവസത്തെ റെയില്‍ സമരം പിന്‍വലിച്ചു, ആശങ്കയൊഴിഞ്ഞ് ജനം
reporter

ലണ്ടന്‍: ബ്രിട്ടന്റെ യാത്രാ മേഖലയെ തകിടം മറിക്കുമായിരുന്ന റെയില്‍ സമരത്തിന്റെ ഭീഷണി ഒഴിഞ്ഞു. റെയില്‍ ശൃംഖലയെ സാരമായി ബാധിക്കുമായിരുന്ന സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ യൂണിയന്‍ തീരുമാനിച്ചതോടെയാണ് ജനജീവിതത്തെ സാരമായി ബാധിക്കുന്ന ആശങ്ക തല്‍ക്കാലത്തേക്കെങ്കിലും ഒഴിഞ്ഞത്. റെയില്‍ മേധാവികളുമായി റെയില്‍, മാരിടൈം & ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിന്‍മാറ്റം. നെറ്റ്വര്‍ക്ക് റെയിലുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചതിന് പുറമെ ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ നിന്നും ശമ്പള വര്‍ദ്ധനയ്ക്കുള്ള വാഗ്ദാനം ലഭിച്ചെന്നും യൂണിയന്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് ബോണ്‍ഫയര്‍ നൈറ്റ് ആഘോഷങ്ങള്‍ക്കായി യാത്ര ചെയ്യാനിറങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സമരം നടന്നെങ്കില്‍ ദുരിതം സമ്മാനിക്കുമായിരുന്നു. ചില്‍ടേണ്‍ റെയില്‍വെസ്, സൗത്ത് ഈസ്റ്റര്‍, അവന്തി വെസ്റ്റ് കോസ്റ്റ് എന്നിവയെ സമരം ബാധിക്കുമായിരുന്നു. അടുത്ത തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന സമരങ്ങളും പിന്‍വലിച്ചിട്ടുണ്ട്. എന്നിരുന്നാലും സമരം അവസാന നിമിഷം പിന്‍വലിച്ചതിനാല്‍ സര്‍വ്വീസ് പരിമിതമായിരിക്കുമെന്ന് നെറ്റ്വര്‍ക്ക് റെയില്‍ മുന്നറിയിപ്പ് നല്‍കി. നവംബര്‍ 5, 7, 9 തീയതികളിലെ ദേശീയ റെയില്‍ സമരങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം നവംബര്‍ 10ന്, വ്യാഴാഴ്ച തീരുമാനിച്ചിട്ടുള്ള ട്യൂബ് സമരങ്ങളില്‍ മാറ്റമില്ല.

ഇതിനിടെ ഫുട്‌ബോള്‍ ലോക കപ്പ് നടക്കുന്ന ദിവസങ്ങളില്‍ എയര്‍പോര്‍ട്ടില്‍ നൂറുകണക്കിന് ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് പോകാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് കനത്ത തിരിച്ചടി ആയിരിക്കും. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് , കാര്‍ഗോ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന 700 ഓളം തൊഴിലാളികള്‍ നവംബര്‍ 18 മുതല്‍ 3 ദിവസത്തേക്ക് പണിമുടക്കും എന്നാണ് യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. പണിമുടക്ക് ഹീത്രു എയര്‍പോര്‍ട്ടിലെ 2 , 3 , 4 എന്നീ ടെര്‍മിനുകളില്‍ യാത്രാ തടസ്സത്തിനും കാലതാമസത്തിനും ഇത് കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ സമരത്തിന് മുതിരുന്നത്. ലോകകപ്പിനുള്ള യാത്രക്കാരെ സമരം ബാധിക്കുമെന്ന് യൂണിറ്റ് റീജിയണല്‍ ഓഫീസര്‍ കെവിന്‍ ഹാള്‍ മുന്നറിയിപ്പ് നല്‍കി. ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍ 20 നാണ് ഖത്തറില്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് അധിക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പണിമുടക്ക് ഇതിനെയെല്ലാം ബാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 
Other News in this category

 
 




 
Close Window