Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഇന്ത്യക്കാരായ കണക്ക്, സയന്‍സ്, ഭാഷാ അധ്യാപകര്‍ക്ക് യുകെയില്‍ വന്‍ ഡിമാന്റ്, പ്രതിവര്‍ഷ ശമ്പളം 27 ലക്ഷം
reporter

ലണ്ടന്‍: ഇന്ത്യക്കാരായ കണക്ക്, സയന്‍സ്, ഭാഷാ അധ്യാപകര്‍ക്ക് യുകെയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ റീലൊക്കേഷന്‍ പേയ്മെന്റ് (International Relocation Payments (IRP)) സ്‌കീമിന് കീഴില്‍, ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന നൂറുകണക്കിന് അധ്യാപകരെ റിക്രൂട്ട് ചെയ്യാനാണ് യുകെ ഗവണ്‍മെന്റിന്റെ പദ്ധതി. ഇംഗ്ലണ്ടിലെ അധ്യാപക ഒഴിവുകള്‍ നികത്തുന്നതിനായി പത്തു ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് കണക്ക്, സയന്‍സ്, ഭാഷാ അധ്യാപകരെ ഈ വര്‍ഷം യുകെയില്‍ റിക്രൂട്ട് ചെയ്യുമെന്നും മറ്റ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിക്കാനും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെക്കൂടി റിക്രൂട്ട് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

''ലോകമെമ്പാടുമുള്ള, നാനൂറിലധികം അധ്യാപകര്‍ക്ക് ഞങ്ങളുടെ സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരം നല്‍കുന്ന ഒരു വര്‍ഷത്തെ ട്രയല്‍ പദ്ധതി കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ ആരംഭിച്ചത്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മികച്ച അധ്യാപകരെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ കണ്ടെത്തുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണിത്,'' യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) പ്രസ്താവനയില്‍ പറഞ്ഞു.

2023 മുതല്‍ 2024 വരെയുള്ള അധ്യയന വര്‍ഷത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്റര്‍നാഷണല്‍ റീലൊക്കേഷന്‍ പേയ്മെന്റ് (ഐആര്‍പി), യുകെയില്‍ നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് രാജ്യത്ത് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. അവരുടെ വിസ, ഇമിഗ്രേഷന്‍ ചാര്‍ജ്, ഹെല്‍ത്ത് ചാര്‍ജ്, റീലൊക്കേഷന്‍ ചെലവുകള്‍ എന്നിവയെല്ലാം ഈ സ്‌കീം വഹിക്കും. ഇന്ത്യ, ഘാന, സിംഗപ്പൂര്‍, ജമൈക്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്ക്, സയന്‍സ്, ഭാഷാ അധ്യാപകരെയാണ് ഈ പദ്ധതിക്കു കീഴില്‍ യുകെ സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ഇതിനായി റിക്രൂട്ട്‌മെന്റ് നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. യോഗ്യരായ അധ്യാപകര്‍ ബിരുദവും ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കിയിരിക്കണം. ഇവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിവര്‍ഷം ഏകദേശം 27 ലക്ഷം രൂപ ആയിരിക്കും ഇവര്‍ക്ക് ശമ്പളം ലഭിക്കുക. അടുത്ത അധ്യയന വര്‍ഷത്തില്‍ നാനൂറോളം അധ്യാപകര്‍ക്ക് ഇന്റര്‍നാഷണല്‍ റീലൊക്കേഷന്‍ പേയ്മെന്റ് സ്‌കീം വഴി രാജ്യത്ത് ജോലി ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. പദ്ധതി വിജയിച്ചാല്‍, സാവധാനം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയും ഈ പദ്ധതിക്കു കീഴില്‍ റിക്രൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window