Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കാറോടിച്ച് മമ്മൂട്ടിയും ഭാര്യയും, യാത്ര മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ
reporter

മാഞ്ചസ്റ്റര്‍: മമ്മൂട്ടിക്ക് അഭിനയത്തോടു മാത്രമല്ല ഡ്രൈവിങ്, ഫോട്ടോഗ്രാഫി എന്നിവയോടും പ്രത്യേക താത്പര്യമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. മമ്മൂട്ടിയെടുത്ത ചിത്രങ്ങള്‍ പല സിനിമ താരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടെ ഡ്രൈവിങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വിഡിയോയാണ് മനോരമ ഓണ്‍ലൈന് ലഭിച്ചത്. വെള്ളിയാഴ്ച യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും.

അവാര്‍ഡ് നൈറ്റ് കഴിഞ്ഞു കഴിഞ്ഞു ഒരു രാത്രി മാഞ്ചസ്റ്ററില്‍ തങ്ങിയ ശേഷം കഴിഞ്ഞ ദിവസം രാവിലെ ലണ്ടനില്‍ പോകാനാണ് കാര്‍ യാത്ര തിരഞ്ഞെടുത്തത്. കാര്‍ വിട്ടു നല്‍കാന്‍ അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സംഘാടകനും ആനന്ദ് ടിവി ചെയര്‍മനുമായ എസ്. ശ്രീകുമാര്‍ തയ്യാറായെങ്കിലും ഒപ്പം ചെല്ലാന്‍ പറ്റാത്ത സാഹചര്യങ്ങളായിരുന്നു. ഡ്രൈവറെ വെച്ച് തന്റെ 'ബിഎംഡബ്ല്യൂ എക്‌സ് ഫൈവ് എം സ്പോര്‍ട്' കാര്‍ വിട്ടു നല്‍കാന്‍ ഒരുങ്ങിയ ശ്രീകുമാറിനോട് താന്‍ ഡ്രൈവ് ചെയ്‌തോളാം എന്നായി മമ്മൂട്ടി. മമ്മൂട്ടിയുടെ ആഗ്രഹം സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ശ്രീകുമാര്‍ ഉടന്‍ തന്നെ തന്റെ കാര്‍ മമ്മൂട്ടിക്കും യുകെ റോഡുകളില്‍ ഡ്രൈവ് ചെയ്തു പോകാന്‍ കഴിയും വിധം ഇന്‍ഷുറന്‍സ് എടുത്തു.

തുടര്‍ന്നു കാറിന്റെ കീ വാങ്ങി മമ്മൂക്ക ലണ്ടനിലേക്ക് ഏകദേശം 250 മൈലോളം (400 ല്‍പ്പരം കിലോമീറ്റര്‍) ഡ്രൈവ് ചെയ്തു പോയി. ഒപ്പം ഭാര്യ സുല്‍ഫത്ത്, മമ്മൂട്ടിയുടെ സന്തത സാഹചാരിയും സിനിമ നിര്‍മ്മാതാവുമായ എസ്. ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ ലണ്ടനിലേക്കുള്ള കാര്‍ യാത്രയുടെ ദൃശ്യം മറ്റൊരു കാറില്‍ നിന്നെടുത്തു. ഈ വിഡിയോ ദൃശ്യമാണ് മനോരമ ഓണ്‍ലൈന് ലഭിച്ചത്. യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ള വ്യക്തിയാണ് മമ്മൂട്ടി.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ മമ്മൂക്കയും കുടുംബവും സിഡ്ണിയില്‍ നിന്ന് കാന്‍ബറിയിലേക്കും അവിടുന്ന് മെല്‍ബണിലേക്കും ഏകദേശം 2300 കിലോമീറ്റര്‍ ഒറ്റടിക്ക് ഡ്രൈവ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സാധാരണക്കാരനായി അടുത്ത് കാണാന്‍ കഴിഞ്ഞ സന്തോഷത്തിലും ആവേശത്തിലുമാണ് യുകെ മലയാളികളും ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ അണിയറ പ്രവര്‍ത്തകരും. അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ യുകെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിയ മമ്മൂട്ടിക്ക് സംഘടകര്‍ ഫൈവ്സ്റ്റാര്‍ സൗകര്യമുള്ള താമസ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരും സംഘാടകരും എവിടെയാണ് താമസിക്കുന്നതെന്ന് ആനന്ദ് ടിവി ചെയര്‍മാനോട് ചോദിച്ചറിഞ്ഞ മമ്മൂട്ടി അവര്‍ക്കൊരുക്കിയ സൗകര്യങ്ങള്‍ മതി തനിക്കെന്ന് പറയുകയായിരുന്നു.

ഇതേ തുടര്‍ന്ന് മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ജോര്‍ജ് എന്നിവര്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റുകളില്‍ സംഘാടകര്‍ താമസ സൗകര്യം ഒരുക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ആനന്ദ് ടിവി ചെയര്‍മാന്‍ എസ്. ശ്രീകുമാറും കുടുംബവും താമസിച്ചിരുന്നത്. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് മമ്മൂട്ടിയും അവരോടൊപ്പം താമസിച്ചാല്‍ മതിയെന്ന നിലപാട് എടുത്തത്. ലണ്ടനില്‍ കുറച്ച് ദിവസങ്ങള്‍ കൂടി താമസിച്ചിട്ടാകും മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് മടങ്ങുക. അവാര്‍ഡ് നൈറ്റിന് എത്തിയ മറ്റ് താരങ്ങള്‍ മാഞ്ചസ്റ്ററില്‍ നിന്നും നാട്ടിലേക്ക് മടങ്ങി തുടങ്ങി.

 
Other News in this category

 
 




 
Close Window