ലണ്ടന്‍: റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ നല്‍കേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്. ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍ ടിക്കറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. നടത്തിപ്പിന് വേണ്ട അധിക ചിലവ് മൂലം ടിക്കറ്റ് ഓഫീസുകള്‍ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അഭിപ്രായപ്പെട്ടത്. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 1760 റെയില്‍വേ സ്റ്റേഷനുകളില്‍ ആറിലൊന്നില്‍ മാത്രമാണ് മുഴുവന്‍ സമയ ടിക്കറ്റ് ഓഫീസ് നിലവില്‍ ഉള്ളത്.