ലണ്ടന്‍: ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏറ്റവും മികച്ച രീതിയില്‍ സജ്ജമായ രാജ്യങ്ങളുടെ ആഗോള സൂചികയില്‍ ഇന്ത്യ 35-ാം സ്ഥാനത്ത്. യുകെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ന്യൂസ് വീക്ക് വാന്റേജും ഹൊറൈസണ്‍ ഗ്രൂപ്പും പുറത്തിറക്കിയ ഫ്യൂച്ചര്‍ പോസിബിലിറ്റീസ് ഇന്‍ഡക്സ് (എഫ്പിഐ) ആഗോള വളര്‍ച്ചയിലെ ഭാവി പ്രവണതകളെ സംബന്ധിച്ച ഒരു പ്രധാന പഠനമാണ്. യുകെ-യ്ക്ക് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഡെന്മാര്‍ക്ക്, യുഎസ്, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവ ഇടംപിടിച്ചു. വലിയ വളര്‍ന്നുവരുന്ന വിപണികളില്‍, ചൈനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 19-ാം സ്ഥാനത്താണ് ചൈന. ബ്രസീല്‍ 30 -ാം സ്ഥാനവും ഇന്ത്യ 35-ാം സ്ഥാനവും, ദക്ഷിണാഫ്രിക്ക 50-ാം സ്ഥാനവും നേടി. ആഗോളതലത്തില്‍ ഭാവിയിലേക്ക് നയിക്കുന്ന ആറ് ഘടകങ്ങളെയും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്.
എക്‌സാബൈറ്റ് എക്കണോമി അഥവാ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, വെല്‍ബീയിംഗ് ഇക്കണോമി അഥവാ ആരോഗ്യ പരിപാലനം, നെറ്റ് സീറോ ഇക്കണോമി അഥവാ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കല്‍, സര്‍ക്കുലര്‍ എക്കണോമി അഥവാ റീസൈക്ലിങ്ങും പുനരുപയോഗവും പ്രോല്‍സാഹിപ്പിക്കല്‍, ബയോഗ്രോത്ത് എക്കണോമി അഥവാ കാര്‍ഷിക- ഭക്ഷ്യ മേഖലകളുടെ നവീകരണം, എക്‌സ്പീരിയന്‍സ് എക്കണോമി അഥവാ അനുഭവങ്ങളുടെ ഉപഭോഗം എന്നിവയാണ് സര്‍ക്കാരുകള്‍ ഭാവിവളര്‍ച്ചക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ആറ് ട്രെന്‍ഡുകളുടെയും സംയോജിത ബിസിനസ്സ് സാധ്യത 2030ഓടെ 44 ട്രില്യണ്‍ ഡോളറില്‍ കൂടുതലാകുമെന്ന് കണക്കാക്കപ്പെടുന്നു. അംഗീകൃത അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ഡാറ്റയും 5,000 ബിസിനസ് എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ നിന്നുള്ള വിവരങ്ങളും പഠനത്തില്‍ ഉപയോഗിച്ചു.അനുബന്ധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ വികസ്വര രാജ്യങ്ങളെ അന്താരാഷ്ട്ര വികസന സമൂഹം സഹായിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.