ലണ്ടന്‍: വിജയ് മല്യ ഉള്‍പ്പടെ രാജ്യം വിട്ട പിടികിട്ടാപുളളികളെ വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതല അന്വേഷണ സംഘം യുകെയിലേക്ക്. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം യുകെ അധികൃതരുമായി ചര്‍ച്ച നടത്തി തെളിവുകള്‍ ശേഖരിക്കും. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനം ആക്രമിച്ച ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കേസുകളും സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്. നാടുവിട്ട വമ്പന്‍മാരെ പിടികൂടാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.സിബിഐ, ഇഡി, എന്‍ഐഎ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തെ നയിക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറോടൊപ്പം യുകെ അധികൃതരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.പ്രതികളുടെ യുകെയിലെ സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും കൈമാറാന്‍ സംഘം ആവശ്യപ്പെടും.
വിജയ് മല്യ, നീരവ് മോദി,സഞ്ജയ് ഭണ്ഡാരി തുടങ്ങിയ പിടികിട്ടാ പുള്ളികള്‍ നിലവില്‍ രാജ്യംവിട്ട് ബ്രിട്ടനിലാണ് കഴിയുന്നത്. ഇവരെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ പ്രതികള്‍ യുകെ കോടതിയെ സമീപിച്ച കേസില്‍ വര്‍ഷങ്ങളായി നടപടികള്‍ തുടരുകയാണ്. മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ഉടമ്പടി പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും യുകെയും നേരത്തെ ധാരണയിലെത്തിയതാണ്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആസ്ഥാനം ആക്രമിച്ച് ഇന്ത്യന്‍ പതാകയെ അപമാനിച്ചതുള്‍പ്പടെ ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കേസുകളിലും കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശനം. പിടികിട്ടാപ്പുള്ളികളെ തിരികെയെത്തിക്കാന്‍ കേന്ദ്രം നടപടികളെടുക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് സര്‍ക്കാര്‍ നീക്കം.