ലണ്ടന്‍: പ്രധാനമന്ത്രി ഋഷി സുനാകിന്റെ കസേരയ്ക്ക് പോലും ഇളക്കം വരുത്തിയ റുവാന്‍ഡ ബില്‍ പാര്‍ലമെന്റില്‍ പാസായി. ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പരാജയപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെങ്കിലും സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 11 എംപിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ ബില്‍ അന്തിമ അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്സില്‍ എത്തി. ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് ഋഷി സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.
എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര്‍ ഇപ്പോഴും ഭേദഗതികള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില്‍ ബില്‍ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള്‍ മൂലം തടസ്സങ്ങള്‍ നേരിടുമെന്നും ഇവര്‍ വാദിക്കുന്നു. ചെലവേറിയ വ്യായാമം മാത്രമാണ് റുവാന്‍ഡ ബില്‍ എന്ന് ലേബര്‍ അവകാശപ്പെടുന്നു. നിയമവിരുദ്ധവും, പ്രാവര്‍ത്തികവുമല്ലാത്ത ബില്‍ എന്നും ഇതേക്കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നു. ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ അംഗീകാരം കൂടി ലഭിച്ചാലാണ് ബില്‍ നിയമമാകുക. എന്നാല്‍ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ നേരിടുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് ബില്‍ വൈകിപ്പിക്കാനും സാധിക്കും. ദേശീയ അടിയന്തര പ്രാധാനം കണക്കിലെടുത്ത് വിമാനങ്ങള്‍ പറക്കാന്‍ ഭേദഗതികള്‍ കൂടാതെ ബില്‍ പാസാക്കണമെന്ന് സുനാക് ആവശ്യപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പാസാക്കിയ ബില്‍ മുന്നോട്ട് കൊണ്ടുപോയി ജനങ്ങളുടെ ഹിതം നടപ്പിലാക്കാന്‍ ഹൗസ് ഓഫ് ലോര്‍ഡ്സ് തയ്യാറാകുമോയെന്നതാണ് ചോദ്യം.