ലണ്ടന്‍: കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നത് ഇന്നൊരു ഫാഷനല്ല, സാധാരണ കാര്യമായി മാറുകയാണ്. മില്ലേനിയല്‍സ് അഥവാ 80-കള്‍ക്ക് ശേഷം പിറന്ന ജനറേഷന്‍ 'വൈയില്‍' പെടുന്ന ആളുകളാണ് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് വിധിയെഴുതുന്നത്. ബ്രിട്ടനെ സംബന്ധിച്ച് വലിയ ആശങ്കയായി മാറുന്ന ഈ പ്രതിസന്ധി മൂലം മൂന്നിലൊന്ന് പേരാണ് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്. നിലവില്‍ 35 മുതല്‍ 41 വയസ്സ് വരെ പ്രായത്തിലുള്ള തലമുറയാണ് മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. യുകെയിലെ ജനന നിരക്ക് തുടര്‍ച്ചയായി താഴുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്.
25 മുതല്‍ 34 വരെയുള്ള പ്രായം കുറഞ്ഞ തലമുറയില്‍ പെട്ട പകുതിയില്‍ താഴെ ആളുകളാണ് കുട്ടികള്‍ ഉറപ്പായും വേണമെന്നും അല്ലെങ്കില്‍ സാധ്യതയുള്ളതായി അഭിപ്രായം രേഖപ്പെടുത്തിയത്. കുട്ടികളില്ലാത്ത പ്രായം കൂടി ആളുകളില്‍, 35 മുതല്‍ 41 വരെ വയസ്സുള്ളവരില്‍ രക്ഷിതാക്കളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത് പകുതിയിലേറെ പേരാണ്. കുട്ടികള്‍ ജനിച്ചുവീഴുന്ന അന്തരീക്ഷവും, ലോകത്തെ കുറിച്ചുള്ള ആശങ്കകളുമാണ് ഇവരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍. സ്ത്രീകളില്‍ 35 മുതല്‍ ഫെര്‍ട്ടിലിറ്റി കുറഞ്ഞ് തുടങ്ങും. പുരുഷന്‍മാരില്‍ ഏകദേശം 40 വയസ്സാകുമ്പോഴേക്കും ഫെര്‍ട്ടിലിറ്റി കുറയും. 18 മുതല്‍ 24 വയസ്സ് വരെയുള്ള ചെറുപ്പക്കാരില്‍ 15 ശതമാനം പേരാണ് ഒരിക്കലും കുട്ടികള്‍ക്ക് ജന്മം നല്‍കില്ലെന്ന് വ്യക്തമാക്കിയത്. യുകെയില്‍ പ്രതിമാസം ശരാശരി 560 പൗണ്ടാണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ക്കായി വേണ്ടിവരുന്നത്. കാല്‍ശതമാനം പേര്‍ 800 പൗണ്ടില്‍ കൂടുതലും, 15 ശതമാനം 1000 പൗണ്ടില്‍ കൂടുതലും ഇതിനായി ചെലവഴിക്കുന്നുവെന്ന് പഠനം കണ്ടെത്തി.