ലണ്ടന്‍: ബ്രിട്ടനില്‍ മോഷണം നടന്നാല്‍ ചോദിക്കാനും, പറയാനും ആളില്ലെന്ന ആരോപണം ശക്തമാണ്. വീടുകളില്‍ മോഷണം നടന്നാല്‍ പോലീസ് ഇതൊന്നും കാര്യമായി എടുക്കാറില്ലെന്നതാണ് അവസ്ഥ. പ്രതികളെ പിടികൂടുന്നതിനോ, നടപടി എടുക്കുന്നതിനോ യാതൊരു താല്‍പര്യവും കാണിക്കാറുമില്ല. എന്നാല്‍ ഷോപ്പുകളില്‍ മോഷണം വര്‍ദ്ധിച്ചതോടെ ഒരു ദശകത്തിനിടെ ആദ്യമായി മോഷണ കേസുകളില്‍ പ്രോസിക്യൂഷന്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജൂണ്‍ വരെ കണക്കുകള്‍ പ്രകാരം 25,945 പ്രോസിക്യൂഷനുകളാണ് ഷോപ്പുകളിലെ മോഷണത്തിന്റെ പേരില്‍ നടത്തിയത്. മുന്‍ വര്‍ഷത്തിലെ ഈ ഘട്ടത്തില്‍ 20,978 പ്രോസിക്യൂഷനുകളാണ് നടന്നത്. 24 ശതമാനമാണ് വര്‍ദ്ധന.
ഇതോടെ മോഷണങ്ങളുടെ പേരിലുള്ള എല്ലാ പ്രോസിക്യൂഷനുകളുടെയും എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. അതേസമയം കോടതി കയറുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും ഷോപ്പുകളില്‍ ഭൂരിഭാഗം മോഷണ കേസുകളിലെ പ്രതികളും ശിക്ഷ നേടാതെ രക്ഷപ്പെടുകയാണ്. 2023 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 365,164 ഷോപ്പ് മോഷണങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതിലെ പ്രോസിക്യൂഷന്‍ നിരക്ക് ഏഴ് ശതമാനം മാത്രമാണ്. 2021-ല്‍ ഇത് 21 ശതമാനമായിരുന്നു. 2019 ജൂലൈ വരെയുള്ള വര്‍ഷത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ 370,516 കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ 20 ശതമാനം പ്രതികള്‍ക്ക് മാത്രമാണ് കുറ്റം ചുമത്തുകയോ, സമന്‍സ് ലഭിക്കുകയോ ചെയ്തത്.