ലണ്ടന്‍: ശക്തമായ കാറ്റും, അതിശക്തമായ മഴയും ചേര്‍ന്ന് ബ്രിട്ടനില്‍ വ്യാപകമായ കൊടുങ്കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. വിവിധ ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ വരുന്ന ഒന്‍പതാമത്തെ കൊടുങ്കാറ്റാണ് ഇഷ. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇത് പവര്‍കട്ടും, റോഡിലും, പാലങ്ങളിലും വര്‍ദ്ധിച്ച തടസ്സങ്ങളും രൂപപ്പെടുമെന്നാണ് സൂചന. റെയില്‍, ബസ് സര്‍വ്വീസുകള്‍ക്ക് കാലതാമസങ്ങളും, റദ്ദാക്കലുകളും നേരിടുമെന്നാണ് മുന്നറിയിപ്പ്.
നോര്‍ത്ത്, വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാറ്റിനുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ സസെക്സിലും, കെന്റിലും മറ്റൊരു മുന്നറിയിപ്പും നിലവിലുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ തിരകളും, പറക്കുന്ന അവശിഷ്ടങ്ങളും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത് ജീവന് അപകടം സൃഷ്ടിക്കാനും, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും ഇടയാക്കും. അടുത്ത രണ്ട് ദിവസങ്ങളിലായി മഴ, കാറ്റ് എന്നിവയ്ക്കുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. ഇംഗ്ലണ്ടില്‍ എട്ട് വെള്ളപ്പൊക്ക മുന്നറിയിപ്പുകളുമാണ് പ്രാബല്യത്തിലുള്ളത്.