ലണ്ടന്‍: ജോസിലിന്‍ കൊടുങ്കാറ്റ് യുകെയില്‍ മറ്റൊരു ദിവസം കൂടി നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇഷാ കൊടുങ്കാറ്റിന് പിന്നാലെ കാലാവസ്ഥ വീണ്ടും വഷളാകുമ്പോള്‍ അഞ്ച് പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. യുകെയില്‍ മറ്റൊരു ദിവസത്തേക്ക് കൂടി കാറ്റ് മൂലമുള്ള ആംബര്‍, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ മറ്റൊരു ദിവസം കൂടി മോശം കാലാവസ്ഥയില്‍ ദുരിതം നേരിടുമെന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിക്കുകയാണ്. റെയില്‍, റോഡ് ഗതാഗതത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ യാത്ര ചെയ്യുന്നതിന് ഇന്നലെ മുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു. രാവിലെ എട്ട് വരെയാണ് വെസ്റ്റേണ്‍, നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ ആംബര്‍ അലേര്‍ട്ട് നിലവിലുള്ളത്.
പവര്‍കട്ട് നേരിടാന്‍ സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ബാധിക്കപ്പെടും. കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ട്. ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും രാജ്യം തിരിച്ചുവരുന്ന സമയത്താണ് കൂടുതല്‍ സ്ഥിതി വഷളാക്കി മറ്റൊരു കൊടുങ്കാറ്റ് കൂടി എത്തുന്നത്. എന്‍എച്ച്എസ് നഴ്സ് ആന്‍ഡ്രൂ ബാര്‍ക്കര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടമായത്. 25 വയസ്സുള്ള കെയ്റ്റാണ് നോക്ക്ബ്രിഡ്ജില്‍ സഞ്ചരിച്ചിരുന്ന വാന്‍ മരത്തിലേക്ക് ഇടിച്ചുകയറി കൊല്ലപ്പെട്ടത്. അവന്തി വെസ്റ്റ് കോസ്റ്റ്, ക്രോസ് കണ്‍ട്രി, എല്‍എന്‍ഇആര്‍, ലൂമോസ സ്‌കോട്ട്റെയില്‍, ട്രാന്‍സ്പെന്നൈന്‍ എക്സ്പ്രസ് എന്നിവരാണ് കൊടുങ്കാറ്റ് മൂലം യാത്രാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.