ലണ്ടന്‍: സ്‌കാം മെസ്സേജുകള്‍ അയക്കുന്നതില്‍ തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് നിര്‍മ്മിത ബുദ്ധിയെ. എ ഐയുടെ സഹായത്തോടെ തയ്യാറാക്കിയ ഇത്തരം ഇമെയിലുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമമെന്ന മുന്നറിയിപ്പ് നല്‍കി യുകെയുടെ സൈബര്‍ സുരക്ഷാ ഏജന്‍സി. പാസ്വേഡുകളോ വ്യക്തിഗത വിശദാംശങ്ങളോ കൈമാറാന്‍ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ AI ഉപകരണങ്ങളുടെ സങ്കീര്‍ണ്ണത കാരണമാണ് ജനങ്ങള്‍ തിരിച്ചറിയാതെ പോകുന്നതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി) പറഞ്ഞു. ലളിതമായ ടെക്സ്റ്റ് സന്ദേശങ്ങളില്‍ (പ്രോംപ്റ്റ്) നിന്ന് ടെക്സ്റ്റ്, വോയ്സ്, ഇമേജുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റീവ് AI. ചാറ്റ് ജി പി റ്റി പോലുള്ള ചാറ്റ്‌ബോട്ടുകളും ഓപ്പണ്‍ സോഴ്സ് മോഡലുകലും ജനങ്ങള്‍ക്ക് വ്യാപകമായി ലഭ്യമാണ്.
AI സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരം കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നും ജി സിഎച്ച്ക്യു ചാര ഏജന്‍സിയുടെ ഭാഗമായ എന്‍.സി.എസ്.സി പറഞ്ഞു. ജനറേറ്റീവ് എഐയുടെ ചാറ്റ്‌ബോട്ടുകള്‍ സ്പൂഫ് സന്ദേശങ്ങളും സോഷ്യല്‍ എഞ്ചിനീയറിംഗും പോലുള്ള വ്യത്യസ്ത തരം ആക്രമണങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും. 2025 വരെ, ജനറേറ്റീവ് AI പാസ്വേഡ് പുനഃസജ്ജീകരണ അഭ്യര്‍ത്ഥന മറ്റുമായി ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണോ എന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ലൈബ്രറി, റോയല്‍ മെയില്‍ തുടങ്ങിയ സ്ഥാപനങ്ങളെ ബാധിച്ച റാന്‍സംവെയര്‍ ആക്രമണങ്ങളും വര്‍ധിക്കുമെന്ന് എന്‍സിഎസ്സി അറിയിച്ചു.