ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗം ഷുഐബ് ബഷീറിന് ഇന്ത്യന്‍ വിസ ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ്. ബ്രിട്ടീഷ് പൗരന്‍മാരുടെ വിസ നടപടികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇന്ത്യ ന്യായമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.''എനിക്ക് ഈ വിഷയത്തെ കുറിച്ച് കൃത്യമായി പറയാനാകില്ല. എന്നാല്‍, ഞങ്ങള്‍ മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ ഹൈക്കമ്മീഷനില്‍ ഉന്നയിച്ചിട്ടുണ്ട്. വിസ നടപടിക്രമങ്ങളില്‍ ഇന്ത്യ എല്ലാസമയത്തും ബ്രിട്ടീഷ് പൗരന്മാരോട് നീതിപൂര്‍വ്വം പെരുമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പാക് വംശജരായിട്ടുള്ള ബ്രിട്ടീഷ് പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവര്‍ വിസക്ക് അപേക്ഷിമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് മുമ്പില്‍ മുമ്പും ഉന്നയിച്ചിട്ടുണ്ട്'', പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.
നേരത്തേ വിസ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെവന്നതോടെ ഷുഐബ് ബഷീറിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് അബുദാബിയില്‍ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീര്‍. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്നങ്ങളില്‍ കുടുങ്ങി ബഷീറിന്റെ യാത്ര നീണ്ടു. താരത്തിന്റെ മാതാപിതാക്കള്‍ പാക് വംശജരാണ്. ഇതാണ് വിസ ലഭിക്കുന്നതില്‍ തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ ആദ്യ ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും വിസ ലഭിക്കാതിരുന്നതോടെയാണ് താരത്തിന് യു.കെയിലേക്ക് മടങ്ങേണ്ടിവന്നത്.പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയാകുന്ന നടപടിയുണ്ടായത്. ബഷീറിന് വിസ നിഷേധിച്ചതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് അതൃപ്തിയറിയിച്ചു. സ്പോര്‍ട്സുമായി ബന്ധപ്പെട്ടതല്ലാത്ത കാരണത്താല്‍ ഒരു കളിക്കാരന് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. ഡിസംബര്‍ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികള്‍ പൂര്‍ത്തിയാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.