ലണ്ടന്‍: നോട്ടിംഗ്ഹാം തെരുവില്‍ മൂന്ന് പേരുടെ ജീവനെടുത്ത കൊലയാളിയെ പിടികൂടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയെന്ന് സമ്മതിച്ച് പോലീസ്. ആറ് തവണയാണ് ആയുധധാരിയെ പിടികൂടാനുള്ള സാധ്യതകള്‍ പോലീസ് ഉപയോഗപ്പെടുത്താതെ പോയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച വാള്‍ഡോ കാലോകെയിന്‍ ഇന്ത്യന്‍ വംശജ ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബേ വെബ്ബര്‍, എന്നിവര്‍ക്ക് പുറമെ ഇയാന്‍ കോട്സ് എന്ന വ്യക്തിയുടെയും ജീവനെടുക്കുകയായിരുന്നു. കോട്സിന്റെ വാന്‍ അടിച്ചുമാറ്റിയ അക്രമി ഇത് കാല്‍നടക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റി. മൂന്ന് നരഹത്യാ കുറ്റങ്ങളാണ് കാലോകെയിന്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. കൂടാതെ കാല്‍നടക്കാരെ വാന്‍ ഇടിച്ചുകയറ്റി വധിക്കാന്‍ ശ്രമിച്ച കേസുകളിലും ഇയാള്‍ കുറ്റസമ്മതം നടത്തി. ഇതിനിടെയാണ് കാലോകെയിനെ തടയാന്‍ കിട്ടിയ ആറ് അവസരങ്ങള്‍ നഷ്ടമാക്കിയെന്ന് നോട്ടിംഗ്ഹാംഷയര്‍ പോലീസ് വെളിപ്പെടുത്തുന്നത്.
2020 മുതല്‍ 2022 വരെ പല തവണയായി ട്രിപ്പിള്‍ കൊലയാളിയെ ഓഫീസര്‍മാര്‍ നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. 2020-ല്‍ ഒരു വനിതാ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന 32-കാരനായ കാലോകെയിന്‍ ഇവരുടെ താമസസ്ഥലത്ത് എത്തി ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ഫ്ളാറ്റിലെ വാതില്‍ തല്ലിപ്പൊളിച്ചതിനും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ അയല്‍വാസിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കടന്ന പ്രതി ഇവിടുത്തെ മാസക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ഇയാളെ ആശുപത്രിയില്‍ തടങ്കലില്‍ വെച്ചിരുന്നു. ഇപ്പോള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കാലോകെയിന്‍ നോട്ടിംഗ്ാഹം ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.