ലണ്ടന്‍: റൂട്ടീന്‍ ഹെല്‍ത്ത് ചെക്കപ്പില്‍ എച്ച്‌ഐവി ഉണ്ടെന്ന് കണ്ടെത്തി. സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ നിന്നുള്ള 37 കാരിയായ ബെക്കിയാണ് രോഗം ചെക്കപ്പിന് ശേഷം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ രോഗമുക്തയായിരിക്കുകയാണ്. രാജ്യത്തെ രോഗ പരിശോധന നടത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള കണക്കുകളിലേക്ക് എത്തിയിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറഞ്ഞു. എച്ച്‌ഐവി രോഗത്തെകുറിച്ചും രോഗ പരിശോധനയെ കുറിച്ചും അവബോധം ജനങ്ങള്‍ക്ക് നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എച്ച്‌ഐവി രോഗനിര്‍ണയങ്ങളുടെ എണ്ണം 2021-ലെ 2,313-ല്‍ നിന്ന് 2022-ല്‍ 2,444 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാര്‍ക്കിടയില്‍ രോഗനിര്‍ണ്ണയം വര്‍ദ്ധിച്ചതാണ് ഈ വര്‍ദ്ധനവിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസുകളുടെ എണ്ണം ലണ്ടനില്‍ 14% ആയി ഉയര്‍ന്നിട്ടുണ്ട്.
ഓഫീസ് ഫോര്‍ ഹെല്‍ത്ത് ഇംപ്രൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടെറന്‍സ് ഹിഗ്ഗിന്‍സ് ട്രസ്റ്റ് ചാരിറ്റി നടത്തുന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി ഞായറാഴ്ച വരെ എച്ച്‌ഐവി പരിശോധനാ വാരമായി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഴ്ചയിലുടനീളം, ജനങ്ങള്‍ക്ക് സൗജന്യ എച്ച്‌ഐവി സ്വയം പരിശോധനയ്ക്ക് ഓര്‍ഡര്‍ നല്‍കാം. ഇത്തരം പരിശോധനങ്ങളുടെ ഫലം 15 മിനിറ്റിനുള്ളില്‍ തന്നെ ലഭ്യമാകും. രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുന്ന രോഗമാണ് എച്ച്‌ഐവി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്. ചികിത്സിച്ചില്ലെങ്കില്‍, ഇവ അവസാനഘട്ട എയ്ഡ്‌സിലേക്ക് നയിച്ചേക്കാം. എച്ച്‌ഐവി ബാധിതര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ രോഗികളുടെ ശരീരത്തില്‍ നിന്ന് വൈറസിന്റെ കൗണ്ട് കുറയ്ക്കുന്നു. ഇത് എച്ച്‌ഐവി പകരുന്നത് തടയുന്നു.