Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
reporter

ലണ്ടന്‍: കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വരാതിരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായുള്ള കണക്കുകള്‍ പുറത്തു വന്നു. ഹാജര്‍ നിലയില്‍ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ റിക്കോര്‍ഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളില്‍ 50-ല്‍ ഒരാള്‍ക്ക് അവരുടെ പാഠഭാഗങ്ങളില്‍ പകുതിയെങ്കിലും ക്ലാസ്സില്‍ വരാതിരുന്നത് മൂലം നഷ്ടമായി. 2022- 23 കാലഘട്ടത്തില്‍ 150,000 വിദ്യാര്‍ത്ഥികള്‍ ആണ് ഏറ്റവും കൂടുതല്‍ ക്ലാസുകളില്‍ ഹാജരാകാതിരുന്നത് . ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പ് 2018 - 19 കാലത്ത് 60,000 കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ ഇത്രയും ഗുരുതരമായ രീതിയില്‍ ഹാജരാകാതിരുന്നത്. അതായത് നിലവിലെ കണക്കുകള്‍ മുമ്പുള്ളതിനേക്കാള്‍ 150% കൂടുതലാണ്. കുട്ടികള്‍ക്ക് പല രീതിയിലുള്ള ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നത് ഹാജര്‍ നിലയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡര്‍ അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. സ്‌കൂള്‍ ദിനത്തില്‍ അനധികൃതമായി ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കടുത്ത പിഴ ഈടാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്‌കൂളുകളുടെ ഹാജര്‍നില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയര്‍ത്താനുള്ള നീക്കം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത് . കുട്ടികള്‍ സ്ഥിരമായി ക്ലാസുകളില്‍ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈന്‍ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടില്‍ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സര്‍ക്കാര്‍ സമീപനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായാല്‍ പിഴ ഈടാക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയില്‍ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതല്‍ ദിവസം ഹാജരാകാതിരുന്നാല്‍ കൂടുതല്‍ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

യുകെ മലയാളികള്‍ പലപ്പോഴും നാട്ടില്‍ പോകാനും അവധി ആഘോഷിക്കാനുമായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങിയാല്‍ വന്‍ പിഴയായി എട്ടിന്റെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ സ്‌കൂളില്‍നിന്ന് ക്ലാസ് ദിവസങ്ങളില്‍ അവധി ആഘോഷിക്കുവാന്‍ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 720 പൗണ്ട് പിഴ കിട്ടിയത് മലയാളം യുകെ വാര്‍ത്തയാക്കിയിരുന്നു . സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള ഗാവിന്‍ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാര്‍ട്ട് ഷിന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമില്‍ ഇവരുടെ മക്കളായ മില്ലി , ലെക്‌സി, ഓസ്‌കര്‍ എന്നിവര്‍ക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത് .

എന്നാല്‍ ഇവര്‍ പിഴ ഒടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. സ്‌കൂള്‍ കലണ്ടര്‍ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാന്‍ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കില്‍ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമന്‍സ് അയച്ചിരിക്കുകയാണ് സ്റ്റാഫോര്‍ഡ് ഷെയര്‍ ജസ്റ്റിസ് സെന്റര്‍ കോടതി ഇപ്പോള്‍ . സ്‌കൂള്‍ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റര്‍ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകള്‍ക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികള്‍ കുട്ടികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാന്‍ ചെയ്യുമ്പോള്‍ സ്‌കൂള്‍ കലണ്ടര്‍ പരിഗണിച്ചില്ലെങ്കില്‍ വന്‍ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബര്‍ മാസം മുതല്‍ നിലവിലെ തുകയായ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി പിഴ ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

 
Other News in this category

 
 




 
Close Window