Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകള്‍ വിരണ്ടോടി, നിരവധി പേര്‍ക്ക് പരുക്ക്
reporter

ലണ്ടന്‍: ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകള്‍ വിരണ്ടോടി ലണ്ടന്‍ നഗരത്തില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. കുതിരപ്പുറത്തുനിന്നും തെറിച്ചുവീണ് മൂന്നു പട്ടാളക്കാര്‍ക്കും കുതിരയിടിച്ച് ഒരു സൈക്കിള്‍ യാത്രക്കാരനും സാരമായ പരുക്കേറ്റു. വിരണ്ടോടിയ കുതിരകള്‍ തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ മുന്നില്‍ അകപ്പെട്ടതോടെ വാഹനമിടിച്ച് കുതിരകള്‍ക്കും പരുക്കേറ്റു. കുതിരയെ ഇടിച്ച വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് വിരണ്ടോടിയ കുതിരകള്‍ ലണ്ടന്‍ നഗരത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വഴിയാത്രക്കാര്‍ ആദ്യം കരുതിയത് ഏതോ സിനിമയുടെ ഷൂട്ടിങ് ആണെന്നാണ്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും ഉള്‍പ്പെടെയുള്ള അവശ്യ സേവനക്കാര്‍ കളം ഏറ്റെടുത്തതോടെയാണ് ചിത്രം വ്യക്തമായത്. പരുക്കേറ്റ പട്ടാളക്കാരെയും വഴിയാത്രക്കാരനെയും ആശുപത്രിയിലേക്ക് മാറ്റി. വിരണ്ടോടിയ അഞ്ചു കുതിരകളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടി തിരികെ ബാരക്കുകളില്‍ എത്തിച്ചു. ഇവ വെറ്ററിനറി ഡോക്ടര്‍മാരുടെ പരിചരണത്തിലാണ്.

സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കുതിരകളുടെ വിരണ്ടോട്ടവും വീണ്ടെടുക്കലുമെല്ലാം ബിബിസി ഉള്‍പ്പെടെയുള്ള ലോക മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിറഞ്ഞാടുകയാണ്. പരേഡിനിടെ കുതിരകള്‍ വിരണ്ടോടുന്നതും പട്ടാളക്കാര്‍ താഴെ വീഴുന്നതും ഒക്കെ സാധാരണ സംഭവമാണെങ്കിലും ഇത്തരത്തില്‍ അഞ്ചു കുതികരകള്‍ ഒരുമിച്ച് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും ആദ്യമാണ്. ബക്കിങ്ങാം കൊട്ടാരത്തിലെ ഹൗസ്‌ഹോള്‍ഡ് കാവലറിയില്‍പ്പെട്ട കുതിരകളാണ് ഇന്നലെ രാവിലെ സാധാരണ നടക്കാറുള്ള ട്രയല്‍ പരേഡിനിടെ വിരണ്ടോടിയത്. ഹൈഡ് പാര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന മേജര്‍ ജനറല്‍ ഇന്‍സ്‌പെക്ഷനില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ ആയിരുന്നു സംഭവം. മേജര്‍ ജനറല്‍ ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്ത് വിജയം നേടുന്ന കുതിരകള്‍ക്കും അതിന്റെ ചുമതലയുള്ള പട്ടാളക്കാര്‍ക്കും മാത്രമാണ് ജൂണിലെ രാജാവിന്റെ ജന്മദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ട്രയല്‍ പരേഡിനിടെ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടത്തില്‍നിന്നും എന്തോ വസ്തു വലിയ ശബ്ദത്തോടെ കുതുരകളുടെ അടുത്ത് പതിച്ചതിനെ തുടര്‍ന്നാണ് ഇവ വിരണ്ടോടിയത്. കുതിരപ്പുറത്തുനിന്നും പട്ടാളക്കാര്‍ വഴിയിലേക്ക് തെറിച്ചു വീണു. വിരണ്ടോടിയ ഒരു കുതിര ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതറിപ്പിച്ചാണ് പാഞ്ഞത്. അഞ്ചു കുതിരകളില്‍ മൂന്നെണ്ണത്തിനെ അടുത്തുനിന്നുതന്നെ പിടികൂടിയെങ്കിലും രണ്ടെണ്ണം അഞ്ചു മൈല്‍ അകലെയുള്ള ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസ് വരെ പാഞ്ഞു. സംഭവത്തില്‍ സമയോചിതമായി ഇടപ്പെട്ട് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയ പൊലീസിനും ഫയര്‍ഫോഴ്‌സിനും ആംബുലന്‍സ് സര്‍വീസിനും ഹൗസ്‌ഹോള്‍ഡ് കാവലറി കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്റ് കേണല്‍ മാറ്റ് വുഡ് വാര്‍ഡ് നന്ദി പറഞ്ഞു.

നല്ല വലിപ്പമുള്ള കുതിരകളെയാണ് ഇത്തരത്തില്‍ ബക്കിങ്ങാം പാലസിലെ കുതിരപ്പട്ടാളത്തിലേക്ക് എടുക്കുന്നത്. മികച്ച പരിചരണവും നല്ല പരിശീലവും നല്‍കുന്ന കുതിരകള്‍ക്ക് കുറഞ്ഞത് 168 സെന്റീമീറ്ററെങ്കിലും ഉയരം ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. പട്ടാളക്കാരനെയും അദ്ദേഹത്തിന്റെ കിറ്റും വഹിക്കാനുള്ള ശേഷിയുമുണ്ടാകണം. മാസങ്ങള്‍ നീളുന്ന പരിശീലമാണ് ഇത്തരം കുതിരകള്‍ക്ക് നല്‍കുന്നത്. വലിയ ട്രാഫിക്കിനെ മറികടന്നും ഗണ്‍ സല്യൂട്ടും മിലിട്ടറി ബാന്റും ഉള്‍പ്പെടെയുള്ള ശബ്ദങ്ങളെ അതിജീവിച്ചും നിലനില്‍ക്കാനുള്ള പരിശീലമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഓരോ കുതിരയ്ക്കും പ്രത്യേകം പട്ടാളക്കാരെ പരിശീലകരും ചുമതലക്കാരുമായി നല്‍കും. ഇതെല്ലാം ലഭിച്ച കുതിരകളാണ് ഏതോ ശബ്ദം കേട്ട് വിരണ്ടോടി നഗരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

 
Other News in this category

 
 




 
Close Window