Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
കുറുക്കുവഴിയിലൂടെ ഒഇടി പാസായി ബ്രിട്ടനിലെത്തിയ മലയാളികളുള്‍പ്പെടെ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍
reporter

ലണ്ടന്‍: ഒഇടി (ഒക്യുപ്പേഷണല്‍ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ 'കുറുക്കുവഴി'യില്‍ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തില്‍നിന്നും പരീക്ഷ പാസായവരോടാണ് എന്‍എംസി (നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെ വിശദീകരണം നല്‍കണമെന്നാണ് എന്‍എംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിന്‍ നമ്പര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച 148 പേരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍നിന്നും പുറത്തായി നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം വരെ ഇവര്‍ക്കുണ്ടാകും.

ഒഇടി ട്രെയിനിങ് സെന്ററുകാരും ഒഇടി പരീക്ഷാകേന്ദ്രവും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന് തലവച്ചുകൊടുത്തവരില്‍ ബ്രിട്ടനിലെ 148 പേര്‍ക്കു പുറമേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ജോലി ചെയ്യുന്ന നിരവധി നഴ്‌സുമാരുമുണ്ട്. പണത്തിന്റെ മറവില്‍ ചോദ്യപേപ്പര്‍ ചോരുന്നത് ഉള്‍പ്പെടെ പരീക്ഷയില്‍ തിരിമറി നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഒഇടി അധികൃതര്‍ അവരുടെ തന്നെ ഒരാളെ വിദ്യാര്‍ഥിയായി അയച്ച് പരീക്ഷാ സെന്ററിന്റെ തട്ടിപ്പ് കയ്യയോടെ പിടികൂടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒഇടി അധികൃതര്‍, തങ്ങളുടെ പരീക്ഷാ സ്‌കോര്‍ ഇംഗ്ലിഷ് പരിജ്ഞാന യോഗ്യതയായി കണക്കാക്കുന്ന വിവിധ രാജ്യങ്ങളിലെ റഗുലേറ്റര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കി. ഈ അറിയിപ്പിനെത്തുടര്‍ന്നാണ് ബ്രിട്ടനിലെ നഴ്‌സിങ് റഗുലേറ്റേഴ്‌സായ എന്‍എംസി നടപടി തുടങ്ങിയത്.

ഈ 148 പേര്‍ക്കും അവരെഴുതിയ പരീക്ഷ റദ്ദാക്കുമെന്നും ഒരു തവണ സൗജന്യമായി പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നും കാണിച്ച് ഒഇടി ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പരീക്ഷാ സെന്ററിന്റെ തട്ടിപ്പിന് ഇരയായതാവാം എന്ന കരുതിയാണ് ആനുകൂല്യം നല്‍കിയിരിക്കുന്നത്. പരീക്ഷയ്ക്കായി നല്‍കിയ പേര്, ജനനതീയതി, പൗരത്വം എന്നിവ വച്ചുള്ള റിസര്‍ച്ചിലാണ് ബ്രിട്ടനില്‍ ജോലിചെയ്യുന്ന 148പേരെ കണ്ടെത്തി ഒഇടി അധികൃതര്‍ എന്‍എംസിയെ വിവരം അറിയിച്ചത്. ഉടന്‍ അവര്‍ തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം ഇംഗ്ലിഷ് പരീക്ഷാ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഹിയറിങ്ങിന് ഹാജരാകണമെന്നുമുള്ള എന്‍എംസിയുടെ നിര്‍ദേശത്തോട് ആരും തന്നെ ഇനിയും പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം. ചില സെന്ററുകളില്‍ ചോദ്യപേപ്പര്‍ നേരത്തെ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കുന്നു എന്ന വാര്‍ത്ത ഏതാനും മാസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ എന്‍എംസിയുടെ നടപടികള്‍. കഴിഞ്ഞവര്‍ഷം സിബിടി പരീക്ഷയില്‍ തിരിമറി നടത്തി ബ്രിട്ടനിലെത്തിയ അഞ്ഞൂറോളം നൈജീരിയന്‍ നഴ്‌സുമാരെ എന്‍എംസി പിരിച്ചുവിട്ടിരുന്നു. സമാനമായ രീതിയില്‍ ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യതകള്‍ സംബന്ധിച്ച് സന്ദേഹമുയര്‍ത്താന്‍ ഇടയാകുന്ന സംഭവം കൂടിയാണിത്.

 
Other News in this category

 
 




 
Close Window