Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഷെഫ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമായി മലയാളി ഷെഫ്
reporter

ലണ്ടന്‍: കേരളത്തിന്റെ തനത് രുചികള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പോലും മനം കവര്‍ന്ന ഷെഫ് അജിത് കുമാറിന് യോര്‍ക്ക് ഷെയര്‍ ഈവനിങ് പോസ്റ്റിന്റെ ഷെഫ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഈ അപ്രതീക്ഷിത നേട്ടത്തില്‍ ഷെഫ് അജിത് കുമാര്‍ അതിയായ സന്തോഷത്തിലാണ്. ലോകത്തെ ഏറ്റവും മികച്ച ഏഴു ഷെഫുമാരാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പുരസ്‌കാരം ലഭിച്ചതായുള്ള പ്രഖ്യാപനം തന്നെ ശരിക്കും അതിശിയിപ്പിച്ചതായി ഷെഫ് അജിത് കുമാര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ അമ്മയെ സഹായിക്കാന്‍ പാചകം പഠിച്ച അജിത് കുമാറിന് പിന്നീട് പാചകം ഒരു ഹരമായി മാറി. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്ന് ഈ രംഗത്തെ കൂടുതല്‍ സാധ്യതകള്‍ മനസിലാക്കി. മംഗലാപുരം, കൊച്ചി എന്നിവിടങ്ങളിലെ താജ് ഹോട്ടലുകളിലും സൗദി അറേബ്യയിലെ ഹയാത്ത് ഹോട്ടലിലും ജോലി ചെയ്ത ശേഷം അദ്ദേഹം യുകെയിലേക്ക് പോയി.യുകെയില്‍ ലാറ്റിന്‍ അമേരിക്കന്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കാലത്താണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കേരളത്തിന്റെ രുചികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അജിത് കുമാര്‍ തീരുമാനമെടുത്തത്.

സിബി ജോസ്, പ്രകാശ് മെന്‍ഡോങ്ക, രാജേഷ് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്ന് യുകെയിലെ ലീഡ്‌സില്‍ തറവാട് റസ്റ്റോറന്റ് എന്ന പേരില്‍ ഹോട്ടല്‍ വ്യവാസയം ആരംഭിച്ചു. കേരളാ രുചികള്‍ അതിവേഗം റസ്റ്റോറന്റിനെ ജനകീയമാക്കി. 2014-ല്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ തറവാട് റസ്റ്റോറന്റിലെത്തി. ഭക്ഷണം ഇഷ്ടപ്പെട്ട സഞ്ജു ഇക്കാര്യം സഹതാരം വിരാട് കോലിയോട് പറഞ്ഞു. പിന്നീട് വിരാട് നേരിട്ടെത്തി തറവാട് റസ്റ്റോറന്റിലെ രുചിയുടെ മാജിക് ആസ്വദിച്ചു.

ഓണസദ്യ വേണമെന്ന് ആവശ്യപ്പെട്ട് വിരാട് കോലി തറവാട് റസ്റ്റോറന്റിലെ ഭക്ഷണം ഇഷ്ടപ്പെട്ട വിരാട് കോലി പിന്നീട് എത്തിയത് ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ കൂടെയാണ്. നേരത്തെ പറയാതെ എത്തിയ അതിഥികളെ കണ്ട് ഷെഫ് അജിത് കുമാറും സംഘവും അതിശയിച്ചുപോയി. ഈ സന്ദര്‍ശനം റസ്റ്റോറന്റില്‍ വലിയ തിരക്ക് ഉണ്ടാക്കി. പിന്നീട് ലീഡ്‌സില്‍ വന്നാല്‍ വിരാട് കോലി താമസ സ്ഥലത്തേക്ക് തറവാട് റസ്റ്റോറന്റിലെ ഭക്ഷണം വരുത്തിച്ചു കഴിക്കാറുണ്ടായിരുന്നുവെന്നും ഷെഫ് അജിത് കുമാര്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ വിരാട് കോലിയുടെ കോള്‍ തറവാട് റസ്റ്റോറന്റിലേക്ക് എത്തി. ഓണസദ്യ ലഭിക്കുമോയെന്ന് അറിയാനായിരുന്നു വിരാട് വിളിച്ചത്. തങ്ങള്‍ക്ക് ഓണസദ്യ ഒരുക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും ഇന്ത്യന്‍ ടീമിന് വേണ്ടിയാണെന്ന് വിരാട് വെളിപ്പെടുത്തിയതോടെ സദ്യ ഒരുക്കാന്‍ തറവാട് റസ്റ്റോറന്റ് തീരുമാനിച്ചു. പിന്നാലെ അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മാനേജറുമായ രവി ശാസ്ത്രിയുടെ ഫോണ്‍ വിളിയെത്തി. 18 കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെയുള്ള ഓണസദ്യ ടീം അംഗങ്ങളും വിരാട് കോലിയുടെ ഭാര്യ അനുഷ്‌കയും ആസ്വദിച്ചു. ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സെലിബ്രറ്റികളുടെ പ്രിയപ്പെട്ട 'തറവാട്' പ്രമുഖ ചലച്ചിത്ര താരം സൈമണ്‍ പെഗ്, അമേരിക്കന്‍ നടന്‍ ക്രിസ്റ്റഫര്‍ ലോയ്ഡ്, ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം, പ്രശസ്ത മ്യൂസിക്ക്ബാന്‍ഡായ ഇമാജിന്‍ ഡ്രാഗണ്‍സ്, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവായ കീര്‍ സ്റ്റാര്‍മെര്‍ ഉള്‍പ്പെടെ പലരും തറവാട് റസ്റ്റോറന്റിലെ സ്ഥിരം അതിഥികളാണ്. കേരളത്തിലെ നാടന്‍ വിഭവങ്ങളാണ് തറവാട് റസ്റ്റോറന്റില്‍ പ്രധാനമായി നല്‍കുന്നത്. മലയാള സിനിമാ മേഖലയില്‍ നിന്നുള്ള ആന്റണി പെരുമ്പാവൂര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും തവാട്ടിലെ രുചിയുടെ മാജിക് ആസ്വദിച്ചവരാണ്. മിനി കേരളവും ഓണ്‍ലൈന്‍ ബുക്കിങും കേരളത്തിലെ ജില്ലകളെയും അവിടുത്തെ ആകര്‍ഷണങ്ങളെയും പരിചയപ്പെടുത്തുന്ന ചുമര്‍ചിത്രങ്ങളും റസ്റ്റോന്റിലെ പ്രത്യേക്തയാണ്. കോട്ടയത്തെ ഹൗസ് ബോട്ടുകളും ഇടുക്കിയിലെ ഡാമുകളും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് ഇംഗ്ലണ്ടില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. റസ്റ്റോറന്റ് സന്ദര്‍ശിച്ച പ്രശസ്ത വ്യക്തികളുടെ ഓട്ടോഗ്രാഫുകളും ഈ ചുമരില്‍ ഇടം നേടിയിട്ടുണ്ട്. ചെമ്മീന്‍ കറി, മലബാര്‍ കോഴി ബിരിയാണി, നാടന്‍ ചിക്കന്‍ കറി, ദോശ, മാപ്പാസ്, അപ്പം, പൊറോട്ട, ബീഫ്, മീന്‍ പൊള്ളിച്ചത് തുടങ്ങിയ കേരളത്തിലെ വിഭവങ്ങളാണ് തറവാട് റസ്റ്റോന്റില്‍ പ്രധാനമായും വിളമ്പുന്നത്. ഈ വിഭവങ്ങള്‍ അധികം എരിവില്ലാത്ത രീതിയില്‍ തയ്യാറാക്കുന്നതിനാല്‍ വിദേശികളും ഇവ ഏറെ ഇഷ്ടപ്പെടുന്നു. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഇവിടെ തിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 95 ശതമാനത്തിലധികം ആളുകളും ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ശേഷമാണ് റസ്റ്റോറന്റില്‍ എത്തുന്നത്. യുകെയിലെ ലീഡ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'തറവാട്' റസ്റ്റോറന്റ് ഈ വര്‍ഷം ജൂണ്‍ രണ്ടിന് പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. കേരളത്തിലെ രുചി പെരുമയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാനായി പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള അഗ്രഹത്തിലാണ് റസ്റ്റോന്റ് സാരഥികള്‍. ആറു മാസത്തിനകം മാഞ്ചസ്റ്ററില്‍ രണ്ടാമത്തെ റസ്റ്റോറന്റ് തുറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെഫ് അജിത് കുമാര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window