Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ആളാണ് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലും മോഷണം നടത്തിയത്
reporter

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍. ആറോളം സംസ്ഥാനങ്ങളിലായി 19 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വെള്ള കളറിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായ തരത്തില്‍ പോകുന്നതു കണ്ടു. തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഐഡന്റിഫൈ ചെയ്യുകയും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കുകയും ചെയ്തു. കാര്‍ ഉച്ചയോടെ കാസര്‍കോട് ജില്ല കടന്നതായി കണ്ടെത്തി. തുടര്‍ന്ന് കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചു. ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കാറില്‍ ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് വെച്ചിട്ടുണ്ട്. ഈ ബോര്‍ഡ് വ്യാജമെന്ന് പറയാന്‍ കഴിയില്ല. കാരണം ഇയാളുടെ ഭാര്യ അവിടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ബിഹാറില്‍ നിന്നാണ് ഇയാള്‍ മോഷണത്തിനായി കൊച്ചിയിലെത്തിയത്. ഗൂഗിളില്‍ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയ സെര്‍ച്ച് ചെയ്താണ് ഇയാള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടും, പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ മാസം 20 നാണ് ഇര്‍ഫാന്‍ കൊച്ചിയിലെത്തിയത്. സംവിധായകന്‍ ജോഷിയുടേത് കൂടാതെ ഈ പ്രദേശത്തെ മൂന്നു വീടുകളില്‍ കൂടി ഇയാള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീടുകളില്‍ കയറാന്‍ പറ്റിയില്ല. ആറു സംസ്ഥാനങ്ങളിലായി 19 കേസുകളാണ് ഇര്‍ഫാനെതിരെയുള്ളത്.

നേരത്തെ മോഷണക്കേസില്‍ പിടിയിലായി ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഇയാള്‍ ബിഹാര്‍ റോബിന്‍ഹുഡ് എന്നാണ് അറിയുന്നത് എന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സ്റ്റോറികള്‍ നിങ്ങളല്ലേ നല്‍കുന്നത് എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം. പൊലീസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ക്രിമിനല്‍ തന്നെയാണ്. പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. ജോഷിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ എല്ലാം കണ്ടെടുത്തിട്ടുണ്ട്. സമീപകാലത്ത് സ്വര്‍ണ മോഷണം കൂടുന്നതിന് ഒരു കാരണം സ്വര്‍ണത്തിന്റെ വില കൂടുന്നതു തന്നെയാണ്. പ്രതി മുംബൈയിലേക്ക് പോയത് സ്വര്‍ണം വില്‍ക്കാന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. ഇയാള്‍ ബിഹാറില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, കള്ളനെന്ന നിലയിലാണ്. ഇയാള്‍ക്ക് രാഷ്ട്രീയ മോഹമുണ്ടോ എന്ന് അറിയില്ല എന്നും കമ്മീഷണര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window