നമ്മുടെ നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നാനൂറിലേക്ക് കുതിക്കവേ വയനാടിന്റെ പുനര്‍നിര്‍മാണത്തിന് ലോകമാകെ അണിചേരുകയാണ്. യുകെയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയും ഈ മഹാദൗത്യത്തില്‍ പങ്കാളിയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. അര്‍ഹരായ ഒരു കുടുംബത്തിന് സ്നേഹഭവനം നിര്‍മ്മിച്ച് നല്‍കാനും തീരുമാനിച്ചു. വയനാടിനെ ചേര്‍ത്തുപിടിക്കേണ്ടത് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ കാണുന്നത്. തുടര്‍ന്നും സമീക്ഷയുടെ സഹായഹസ്തം വയനാടിനുണ്ടാകും.