അടൂര്‍ സംഗമം 2024 പ്രൗഢ ഗംഭീരമായി ബ്രിസ്റ്റോള്‍ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കലാ -സാംസ്‌കാരിക രംഗങ്ങളില്‍ ഉയര്‍ന്ന സംഭാവന നല്‍കിയിട്ടുള്ള അടൂര്‍ പട്ടണത്തില്‍ നിന്നും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയുടെ വിവിധ പ്രദേശങ്ങളില്‍ വന്നു താമസിക്കുന്ന അടൂരിന്റെ മക്കള്‍ ബ്രിസ്റ്റോള്‍ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒന്നിച്ചു കൂടിയത് ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നായി മാറി. ഒരേ ദേശത്തു ജനിച്ചു വളര്‍ന്നവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബമായി കണ്ടുമുട്ടുവാനും വര്‍ഷങ്ങളായി യുകെയില്‍ ജീവിക്കുന്നവര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ പുതുക്കുന്നതിനും ഈ ഒത്തുകൂടല്‍ വേദിയൊരുക്കി. രാവിലെ 11 മണിക്ക് ആരംഭിച്ച ഔദ്യോഗിക മീറ്റിങ്ങില്‍ റെജി തോമസ് അദ്ധ്യക്ഷപദം അലങ്കരിക്കുകയും ലിജോ കുഞ്ഞുകുഞ്ഞ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് മുന്‍ മേയര്‍ കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. യോഗത്തിന് സൈമണ്‍ ചെറിയാന്‍ ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും പരിചയപ്പെടുത്തലും നടത്തപ്പെട്ടു. ഉച്ചഭക്ഷണത്തിനും അംഗങ്ങളുടെ ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ക്കും ശേഷം ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ചെണ്ടമേളവും ഡാന്‍സ് പ്രോഗ്രാമും സംഗമത്തിന് മാറ്റ് കൂട്ടി. വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കുള്ള സ്നേഹോപഹാരങ്ങള്‍ അജി പാപ്പച്ചനും റെജി തോമസും നല്‍കി. അടുത്ത വര്‍ഷത്തെ അടൂര്‍ സംഗമം യുകെ യിലെ മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ലിജോ കുഞ്ഞുകുഞ്ഞ് ജോഷ്വാ നന്ദി രേഖപ്പെടുത്തുകയും ദേശീയ ഗാനത്തോട് കൂടി ഈ വര്‍ഷത്തെ അടൂര്‍ സംഗമത്തിനു തിരശീല വീഴുകയും ചെയ്തു.