ലണ്ടന്‍: മേഗന്‍ മാര്‍ക്കിളിന്റെ ലിബറലായ പെരുമാറ്റം ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നു പുതിയ പുസ്തകത്തില്‍ പരാമര്‍ശം. ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ടോം ക്വിന്‍ പുറത്തിറക്കിയ 'യേസ് മാം-ദ് സീക്രട്ട് ലൈഫ് ഓഫ് റോയല്‍ സെര്‍വന്റ്‌സ്' എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തലുള്ളത്. അമേരിക്കയില്‍ ജീവിച്ചതിനാലും ബ്രിട്ടിഷ് രാജകുടുംബ മര്യാദകളെപ്പറ്റി അത്രധാരണയില്ലാത്തതിനാലുമായിരുന്നു ഈ പ്രശ്‌നങ്ങള്‍. ഹാരി രാജകുമാരനെ വിവാഹം കഴിച്ച് രാജകുടുംബത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ കുടുംബാംഗങ്ങളെ സൗഹൃദപരമായി കെട്ടിപ്പിടിക്കുന്ന രീതി മേഗനുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായത് ഹാരിയുടെ ജ്യേഷ്ഠനായ വില്യമിനായിരുന്നെന്നും പുസ്തകത്തിലുണ്ട്.
ഉപചാരരീതികള്‍ ശക്തമായി പിന്തുടരുന്ന വില്യം വളരെ ഒതുങ്ങിയ ആളാണ്. വില്യമിന്റെ ഭാര്യയായ കേറ്റ് മിഡില്‍ടണും മേഗന്റെ കെട്ടിപ്പിടിത്തം അത്ര ഇഷ്ടമല്ലായിരുന്നു. മേഗന്‍ കെട്ടിപ്പിടിക്കാന്‍ വരുമ്പോള്‍ കെയ്റ്റ് പിന്നോട്ടുമാറിയ സംഭവങ്ങളുമുണ്ട്. ഇത് മേഗനു ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോള്‍ ബ്രിട്ടന്റെ രാജാവായ ചാള്‍സും വില്യം രാജകുമാരനും വളരെ സീരിയസായ ആളുകളാണെന്നും എന്നാല്‍ തന്റെ ഭര്‍ത്താവായ ഹാരി അങ്ങനെയല്ലെന്നും തമാശരീതിയില്‍ മേഗന്‍ പറഞ്ഞിരുന്നു. മേഗനെപ്പറ്റി മാത്രമല്ല, മറ്റു രാജകുടുംബങ്ങളെപ്പറ്റിയും പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്. ചാള്‍സ് രാജാവിന്റെ പത്‌നിയായ കാമില രാജ്ഞിക്കും കൊട്ടാരത്തിലെ അച്ചടക്കവും ഓരോ കാര്യങ്ങളിലുമുള്ള നിയമങ്ങളും അത്ര താല്‍പര്യമില്ലായിരുന്നെന്നും പുസ്തകം പറയുന്നു. ചാള്‍സ് രാജാവായ സമയത്ത് രാജ്ഞി സ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ക്ക് വിമുഖതയുണ്ടായിരുന്നെന്നും ചാള്‍സ് നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് രാജ്ഞി പദവി സ്ഥാനം ഏറ്റെടുത്തതെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് രാജാവും വില്യം രാജകുമാരനും വലിയ പെര്‍ഫക്ഷനിസ്റ്റുകളാണെന്നും തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തീരെ വിട്ടുവീഴ്ചയില്ലാത്തവരാണെന്നും ടോം ക്വിന്‍ പറയുന്നു. നിലവില്‍ സസെക്‌സിലെ പ്രഭ്വി എന്ന പദവിയിലുള്ള മേഗന്‍ യുഎസിലാണു ഹാരിക്കൊപ്പം താമസിക്കുന്നത്.