ചെഷയര്‍: പ്രശസ്ത ഡ്രാഗ് ക്വീനും റു പോള്‍സ് ഡ്രാഗ് റേസ് യുകെ സീസണ്‍ ഒന്നിലെ വിജയിയുമായ ദി വിവിയന്‍ എന്നറിയപ്പെടുന്ന ജയിംസ് ലീ വില്യംസിന്റെ (32) മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സൂചന. ജനുവരി 5ന് ചെഷയറിലെ വീട്ടിലെ ബാത്ത്‌റൂമിലാണ് ജയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദി വിവിയന്റെ ആകസ്മിക മരണം ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചെങ്കിലും ദുരൂഹതകളില്ലെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 'സ്വാഭാവികമല്ലാത്ത മരണം' (unnatural cause of death) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെഷയര്‍ കോറോണര്‍ കോടതിയില്‍ നടന്ന പ്രാഥമിക വാദത്തില്‍ വെളിപ്പെടുത്തിയതോടെ ദുരൂഹത വര്‍ധിച്ചു. മേയ് 5ന് കേസിന്റെ അവലോകന യോഗം നടക്കും. ജൂണ്‍ 30ന് വാദം കേള്‍ക്കും.
ചെറുപ്പത്തില്‍ തന്നെ കരിയര്‍ ആരംഭിച്ച ദി വിവിയന്‍ അതിവേഗമാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ലില്ലി സാവേജ് ടിവിയില്‍ കണ്ടതാണ് ഡ്രാഗിലേക്കുള്ള പ്രചോദനമായത്. 16-ാം വയസ്സില്‍ ലിവര്‍പൂളിലേക്ക് താമസം മാറിയ അദ്ദേഹം, മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. അവിടെ വച്ചാണ് ദി വിവിയന്‍ എന്ന പേര് ലഭിക്കുന്നത്. വിവിയന്‍ വെസ്റ്റ്വുഡിന്റെ (Vivienne Westwood) വസ്ത്രങ്ങള്‍ ധരിക്കുന്നതിനോടുള്ള ഇഷ്ടമാണ് പേരിന് പിന്നില്‍. 2019ല്‍ പോള്‍സ് ഡ്രാഗ് റേസ് യുകെയുടെ ആദ്യ സീസണ്‍ വിജയിച്ചതോടെയാണ് വിവിയന്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നത്. തുടര്‍ന്ന് ഒട്ടറെ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ചും അത് തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്‌നങ്ങളെപ്പറ്റിയും വിവാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.