ലണ്ടന്‍: ഒരു വീട് വാങ്ങുക എന്നാല്‍ ഇന്ന് വന്‍ ചിലവാണ്. സ്ഥലത്തിന്റെയും വീടുകളുടെയും ഒക്കെ വില കുതിച്ചുയരുകയാണ്. യുകെ പോലുള്ള സ്ഥലങ്ങളില്‍ പറയണ്ട. എന്നാല്‍, ചിലവ് ചുരുക്കി സ്വന്തമായി ഒരിടം ഒരുക്കിയ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 38 -കാരിയായ ലിന്‍ഡ്സി ഒരു വീട് വാങ്ങുന്നതിനുപകരം 21 ലക്ഷം രൂപയ്ക്ക് (ഏകദേശം £18,000) ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ അത് തന്റെ വീടാക്കി മാറ്റിയെടുത്തു. അതെ സഞ്ചരിക്കുന്ന വീട്. തന്റെ സ്വപ്നവീട്ടില്‍ താമസിക്കുന്നു എന്ന് മാത്രമല്ല ലിന്‍ഡ്‌സി ഇപ്പോള്‍ ഈ വീട്ടില്‍ യുകെയിലുടനീളം സഞ്ചരിക്കുകയും ചെയ്യുകയാണ്. ഈ ബസിന്റെ ഉള്‍വശം ഇപ്പോള്‍ കണ്ടാല്‍ ഇത് ഒരു പഴയ ബസായിരുന്നു എന്ന് തോന്നുകയേ ഇല്ല.
കുട്ടിയായിരിക്കുമ്പോള്‍ ഒരു ഡ്രൈവറാവുക എന്നതായിരുന്നത്രെ അവളുടെ സ്വപ്നം. എന്നാല്‍, ഒരിക്കലും അവള്‍ ഒരു ബസ് സ്വന്തമായി വാങ്ങുമെന്നോ അതൊരു സഞ്ചരിക്കുന്ന വീടായി മാറുമെന്നോ അവള്‍ കരുതിയിരുന്നില്ല. ഒരു വര്‍ഷമാണ് ആ ബസ് തന്റെ വീടാക്കി മാറ്റാന്‍ അവളെടുത്തത്. 50 ലക്ഷം രൂപയും അതിനായി അവള്‍ ചെലവാക്കി. തന്റെ ചോരയും നീരും കണ്ണീരും എല്ലാം ചേര്‍ന്നാണ് ആ വീടിന് താന്‍ രൂപം നല്‍കിയത് എന്നാണ് അവള്‍ പറയുന്നത്.
ബസിന്റെ മുകള്‍ഭാഗം അവളുടെ പേഴ്‌സണല്‍ ലിവിംഗ് സ്‌പേസാണെങ്കില്‍ ബസിന്റെ താഴെഭാഗം കമ്മ്യൂണിറ്റി ഏരിയയും ലൈബ്രറിയുമാണ് എന്നും അവള്‍ പറയുന്നു. ഈ ബസ് വീടിന്റെ അകത്ത് നിന്നുള്ള കാഴ്ചകളും അവള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. അതേസമയം, ശരാശരി മൂന്നുകോടിയെങ്കിലും വേണം യുകെയില്‍ ഒരു വീട് വാങ്ങാന്‍.