ലണ്ടന്‍: ഉപപ്രധാനമന്ത്രി ആഞ്ചല റെയ്റര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാക് വംശജയായ ഷബാന മഹ്‌മൂദ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ജസ്റ്റിസ് സെക്രട്ടറി, ലോര്‍ഡ് ചാന്‍സലര്‍ ചുമതലകള്‍ വഹിച്ചുവരുന്നതിനിടെയാണ് ഷബാനയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയാണ് ഷബാന.''ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ബഹുമതിയാണ്. പൗരന്‍മാരുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. ഈ ജോലിയില്‍ എല്ലാ ദിവസവും എന്റെ ലക്ഷ്യത്തിനായി പരിശ്രമിക്കും''- ഷബാന എക്സില്‍ കുറിച്ചു. മിര്‍പൂരില്‍ നിന്നുള്ള ദമ്പതികളുടെ മകളായി 1980ല്‍ ബിര്‍മിങ്ങാമിലാണ് ഷബാന ജനിച്ചത്. യുകെയിലും സൗദി അറേബ്യയിലുമായാണ് കുട്ടിക്കാലം ചെലഴിച്ചത്. ഓക്സ്ഫോര്‍ഡിലെ ലിങ്കണ്‍ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ ഷബാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബാരിസ്റ്റര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
2024 ജൂലൈയില്‍ ബിര്‍മിങ്ങാം ലേഡിവുഡില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷബാന ലേബര്‍ പാര്‍ട്ടിയിലൂടെ ക്രമാനുഗതമായി ഉയര്‍ന്നുവന്ന നേതാവാണ്. ജസ്റ്റിസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുകയും ചെയ്തിരുന്നു.കുടിയേറ്റം, സര്‍ക്കാര്‍ നയങ്ങള്‍, ദേശീയ സുരക്ഷാ തുടങ്ങിയ കാര്യങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ വരുന്ന കാര്യങ്ങളാണ്. ഷബാനയെ സംബന്ധിച്ചടുത്തോളം നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട സാധാരണ രാഷ്ട്രീയ പ്രശ്നങ്ങള്‍ കൂടാതെ രാജ്യത്ത് ശക്തമായി വരുന്ന മുസ്ലിം വിരുദ്ധ വംശീയത അടക്കമുള്ള പ്രശ്നങ്ങളും നേരിടേണ്ടിവരും.സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ഷബാന എന്ത് നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളില്‍ നയംമാറ്റം ഉണ്ടാവില്ലെന്ന സൂചനയാണ് ഞായറാഴ്ച അവര്‍ നല്‍കിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്നതും നിരോധിത ഭീകരസംഘടനയെ പിന്തുണയ്ക്കുന്നതും സമാനമല്ല എന്നായിരുന്നു ഷബാനയുടെ പ്രതികരണം.