Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍
reporter

ലണ്ടന്‍: കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണക്രമത്തില്‍ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ നല്‍കും. സോസേജ് റോള്‍, പിസ തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന നല്‍കുന്നത് അവസാനിപ്പിക്കും. ഡെസേര്‍ട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അനുവദിക്കുകയുള്ളു. കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും.

പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാളെങ്കിലും അമിത ഭാരമുള്ളവരാണെന്നും, പഞ്ചസാരയേറിയ ഭക്ഷണങ്ങള്‍ മൂലം പല്ല് നശിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയരുന്നതായും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്‌കൂളുകള്‍ അവരുടെ മെനുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശം ഉണ്ട്. 2027 സെപ്റ്റംബര്‍ മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. അതേസമയം, സ്‌കൂള്‍ ഭക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നത് സ്വാഗതം ചെയ്യുന്നുവെങ്കിലും, അധിക ചെലവുകള്‍ നിറവേറ്റാന്‍ കൂടുതല്‍ ഫണ്ടിംഗ് അനിവാര്യമാണെന്ന് വിദ്യാഭ്യാസ സംഘടനകള്‍ വ്യക്തമാക്കി. നിലവിലെ ധനസഹായം മതിയാകാത്തതിനാല്‍ സ്‌കൂളുകള്‍ക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയ്‌ക്കേണ്ടി വരുന്നതായ വിമര്‍ശനവും ഉയരുന്നു. സര്‍ക്കാര്‍ അതിരുകടന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന ആരോപണവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍, കുറച്ചു വൈകിയെങ്കിലും കുട്ടികളുടെ ആരോഗ്യത്തിനായി സ്വീകരിക്കുന്ന ഈ നടപടി സ്വാഗതാര്‍ഹമാണെന്ന അഭിപ്രായവും ശക്തമാണ്.

 
Other News in this category

 
 




 
Close Window