ലണ്ടന്‍: കേരള സന്ദര്‍ശനത്തിനിടെ രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ നേരിട്ട ഒരു ചോദ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി വനിത ചോദിച്ച ചോദ്യം ഇന്‍സ്റ്റഗ്രാമില്‍ വൈറലായതോടെയാണ് സംഭവം ശ്രദ്ധേയമായത്. ഇന്‍സ്റ്റഗ്രാം ട്രാവല്‍ ക്രിയേറ്ററായ @discoverwithemma_ പങ്കുവെച്ച വിഡിയോയില്‍, മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ''ഇംഗ്ലിഷുകാര്‍ ഇന്ത്യയില്‍ ഞങ്ങളെ കൊള്ളയടിച്ചു... നിധി, കുരുമുളക്, എല്ലാം കൊണ്ടുപോയി. നിങ്ങള്‍ ഇവിടെ നിന്ന് കൊള്ളയടിച്ച വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കോഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക'' എന്നായിരുന്നു ചോദ്യം.
വനിതയുടെ പരാമര്‍ശം കേട്ട ടൂറിസ്റ്റുകളിലൊരാള്‍ തമാശയായി ''നിങ്ങള്‍ എന്റെ പൂര്‍വികരോട് സംസാരിക്കേണ്ടിവരും'' എന്ന് പ്രതികരിച്ചു. മറ്റെയാള്‍ ''ഞങ്ങള്‍ ചാള്‍സ് രാജാവിനോട് സംസാരിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും'' എന്നും പറഞ്ഞു. ചുറ്റുമുണ്ടായിരുന്നവര്‍ ചിരിച്ചെങ്കിലും, ടൂറിസ്റ്റുകള്‍ ഈ സംഭവത്തെ ''ഇന്ത്യാ യാത്രയിലെ ഏറ്റവും മോശം നിമിഷങ്ങളിലൊന്ന്'' എന്നാണ് അടിക്കുറിപ്പില്‍ വിശേഷിപ്പിച്ചത്.
''സത്യസന്ധമായി പറഞ്ഞാല്‍, യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഏറ്റവും മോശം നിമിഷങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യയില്‍ മുമ്പൊരിടത്തും ഇത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആ കോപം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചത് ഭയാനകമായിരുന്നു. കൂടുതല്‍ യാത്ര ചെയ്യുന്തോറും കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും ആളുകളുടെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നുവെന്ന് തിരിച്ചറിയുന്നു'' - എന്നായിരുന്നു ടൂറിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
വനിതയുടെ ചോദ്യം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് തോന്നുന്ന വികാരങ്ങള്‍ പ്രതിനിധീകരിക്കുന്നതാണെന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. ''ദയവായി അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.