വാഷിങ്ടണ്‍: 101.2 കിലോഗ്രാം (223 പൗണ്ട്) ശുദ്ധസ്വര്‍ണത്തില്‍ നിര്‍മ്മിച്ച 'അമേരിക്ക' എന്ന പേരിലുള്ള ടോയ്ലറ്റ് ലേലത്തിന്. ഏകദേശം 10 മില്യണ്‍ ഡോളര്‍ (ഏകദേശം 83 കോടി രൂപ) വില കണക്കാക്കുന്ന ഈ കലാസൃഷ്ടി ഇറ്റാലിയന്‍ കലാകാരന്‍ മൗരിസിയോ കാറ്റലന്‍ ആണ് രൂപകല്‍പ്പന ചെയ്തത്.
'അമേരിക്ക' എന്ന പേരില്‍ രണ്ട് സ്വര്‍ണ ടോയ്ലറ്റുകള്‍ കാറ്റലന്‍ നിര്‍മ്മിച്ചിരുന്നു. അതില്‍ ഒന്നാണ് 2019-ല്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്ന് മോഷണം പോയത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ഈ കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടോയ്ലറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മോഷണം പോയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ടോയ്ലറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. മോഷ്ടാക്കള്‍ അതു ഉരുക്കിയെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇപ്പോള്‍ ലേലത്തിന് എത്തുന്നത് രണ്ടാം 'അമേരിക്ക' ടോയ്ലറ്റാണ്. 2017 മുതല്‍ പേരുവെളിപ്പെടുത്താത്ത ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ഈ ടോയ്ലറ്റ്, ആര്‍ട്ട് വര്‍ക്കായാണ് രൂപകല്‍പ്പന ചെയ്തതെങ്കിലും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതാണ്. ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനും അനുമതി നല്‍കിയിരുന്നു.
നവംബര്‍ 8 മുതല്‍ ലേലം വരെ ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ പുതിയ ആസ്ഥാനമായ ബ്രൂവര്‍ ബില്‍ഡിംഗിലെ കുളിമുറിയില്‍ ഈ ടോയ്ലറ്റ് പ്രദര്‍ശിപ്പിക്കും. എന്നാല്‍ ഇത്തവണ സന്ദര്‍ശകര്‍ക്ക് കാണാന്‍ മാത്രമേ അനുമതിയുള്ളൂ, ഉപയോഗിക്കാന്‍ കഴിയില്ല.
'അമേരിക്ക' എന്ന ഈ കലാസൃഷ്ടി അമിതമായ സമ്പത്തിനെ പരിഹസിക്കുന്നതാണെന്ന് കലാകാരന്‍ മൗരിസിയോ കാറ്റലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.