ലണ്ടന്‍: ഫ്‌ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പ് ആരംഭിച്ചതോടെ രോഗബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്‍എച്ച്എസിന് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) അധിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും വാക്സിനെടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു.
മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങ് കേസുകള്‍ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ആശങ്കാജനകമാണെന്നും വിന്റര്‍ കാലത്ത് എന്‍എച്ച്എസിന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''കുട്ടികള്‍ക്ക് ഫ്‌ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ പേര്‍ വാക്സിനെടുക്കണം'' - എന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസര്‍ ഡങ്കന്‍ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഫ്‌ലൂ വലിയ തോതിലുള്ള വ്യാപനമാണ് ഉണ്ടാക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കിടയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജാഗ്രത തുടരണമെന്നും, വാക്സിനേഷന്‍ പ്രാധാന്യമുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.