ലണ്ടന്‍: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ വെള്ളിയില്‍ ഘടിപ്പിച്ച ഫ്‌ലിന്റ്‌ലോക്ക് പിസ്റ്റളുകള്‍ ലണ്ടനിലെ സോത്ത്ബീസ് ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി. 1.1 ദശലക്ഷം പൗണ്ട് (ഏകദേശം ?12.8 കോടി) വിലയ്ക്ക് ബുധനാഴ്ച നടന്ന 'Arts of the Islamic World and India' ലേലത്തില്‍ ഈ പിസ്റ്റളുകള്‍ സ്വന്തമാക്കപ്പെട്ടു.
1799-ല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണത്തില്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോയതിന്റെ ഭാഗമായാണ് ഈ പിസ്റ്റളുകള്‍ ലഭിച്ചത്. പരസ്പരം പ്രതിഫലന രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പിസ്റ്റളുകള്‍ ടിപ്പുവിന്റെ ഇഷ്ടമായ സംയോജനമാണ്. ഒന്നില്‍ ഇടത് വശത്തും മറ്റൊന്നില്‍ വലത് വശത്തുമായി ലോക്ക് ഘടിപ്പിച്ചിരിക്കുന്നു. പൊതുസമ്മേളനങ്ങളില്‍ ടിപ്പുവിന്റെ രാജചിഹ്നങ്ങളിലൊന്നായി ഇവ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും കാറ്റലോഗ് എന്‍ട്രിയില്‍ പറയുന്നു.
പിസ്റ്റളുകള്‍ക്ക് പുറമേ, ടിപ്പുവിനായി നിര്‍മ്മിച്ച വെള്ളി നിറത്തിലുള്ള ഫ്‌ലിന്റ്‌ലോക്ക് ബ്ലണ്ടര്‍ബസ് 571,500 പൗണ്ടിന് വിറ്റുപോയി.
19-ാം നൂറ്റാണ്ടിലെ സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഘോഷയാത്രാ രംഗം ചിത്രീകരിച്ച ബിഷന്‍ സിങ്ങിന്റെ പെയിന്റിങ് 952,500 പൗണ്ടിന് ഒരു സ്ഥാപനം സ്വന്തമാക്കി. ലാഹോറിലെ ഒരു ചന്തയിലൂടെ ആനപ്പുറത്ത് സഞ്ചരിക്കുന്ന രഞ്ജിത് സിങ്ങിന്റെ ദൃശ്യമാണ് ചിത്രത്തില്‍.
16-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ലൈബ്രറിയില്‍ നിന്നുള്ള അപൂര്‍വ ഖുര്‍ആന്‍ കൈയെഴുത്തുപ്രതി 863,600 പൗണ്ടിന് ലേലത്തില്‍ പോയി. ഇന്ത്യയിലെ ഒരു പര്‍വത തടാകത്തില്‍ ആനകള്‍ ഉല്ലസിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ് 139,700 പൗണ്ടിനും വിറ്റുപോയി.
ആകെ 10 ദശലക്ഷം പൗണ്ടിലധികം തുകയ്ക്കാണ് ലേലം നടന്നത്. സോത്ത്ബീസിന്റെ അഭിപ്രായത്തില്‍, ഈ ആഴ്ചയിലെ ലേലത്തില്‍ സാധനങ്ങള്‍ വാങ്ങിയവരില്‍ 20 ശതമാനം പേരും പുതുമുഖങ്ങളായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ലേലത്തില്‍ പങ്കെടുത്തു.