|
'ഇന്നലെ അവള്‍ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചില്ല. ടി വി കാണേണ്ടെന്ന് അവളോട് പറഞ്ഞിരുന്നു. വിധി വന്ന ശേഷം മുകളിലേക്കു പോയപ്പോള്‍ അവള്‍ ഷോക്ക് ഏറ്റ പോലെ ആയിരുന്നു നിന്നിരുന്നത്. 2 മണിക്കൂര്‍ കാറിനുള്ളില്‍ അനുഭവിച്ചതിന്റെ നൂറിരട്ടിയാണ് അവള്‍ 15 ദിവസം കൊണ്ട് കോടതിയില്‍ നിന്ന് അനുഭവിച്ചത്. അവള്‍ എപ്പോഴും കരയണം എന്ന് കരുതുന്നത് വേട്ടക്കാരന്‍ ആണ്' - നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി.
രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവര്‍ അയാള്‍ക്കൊപ്പമാണ്. വിധി കേള്‍ക്കാന്‍ ദിലീപ് പോയത് തയ്യാറെടുപ്പോടെയാണെന്ന് തോന്നി. ഇതുവരെ മഞ്ജു വാര്യരുടെ പേര് പറയാതെ ഇന്നലെ പറഞ്ഞത് ഉള്ളിന്റെ ഉള്ളില്‍ ഭയമുള്ളത്‌കൊണ്ടാണ്. മഞ്ജുവിനോട് ശ്രദ്ധിക്കണമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ക്രിമിനല്‍ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാള്‍ ജയിലില്‍ ഇടാന്‍ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. |