Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.5805 INR  1 EURO=105.4407 INR
ukmalayalampathram.com
Mon 19th Jan 2026
 
 
Teens Corner
  Add your Comment comment
വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ അതിഗംഭീരം
Text By: UK Malayalam Pathram
യുകെയിലെ വിപുലമായ അസോസിയേഷനുകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി നാലിന് സ്വിന്‍ഡനിലെ മെക്ക ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അതി ഗംഭീരമായി ആഘോഷിച്ചു.


മലയാളികളുടെ ഹൃദയവികാരങ്ങളെ തൊട്ടുണര്‍ത്തിയ ആഘോഷത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഉത്സവമായി മാറി വില്‍ഷെയറിന്റെ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം. ആഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ സാംസ്‌കാരിക കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

കൃത്യം 4:30ന് തന്നെ ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, വില്‍ഷെയറിലെ വിവിധ കലാകാരന്മാരുടെ സംഗീതം എന്നിവക്കു ശേഷം റാണി പ്രദീഷിന്റേയും ഡോണി പീറ്ററിന്റെയും നേതൃത്വത്തില്‍ ഇരുപതില്‍പരം കലാകാരന്‍മാര്‍ ദൃശ്യ വിസ്മയം തീര്‍ത്തുകൊണ്ട് വേദിയില്‍ ആവിഷ്‌കരിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഏറെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് സോണി ആന്‍ഡ് ടീം അവതരിപ്പിച്ച ഏറ്റവും ഹൃദ്യമാര്‍ന്ന കരോള്‍ സംഗീതം ഏവരുടെയും ഹൃദയത്തില്‍ ഉത്സവത്തിന്റെ പൊന്‍കിരണങ്ങള്‍ തെളിയിച്ചു. ക്രിസ്റ്റീന, ടീന, എല്‍മി, റെയ്മി, മേനുഹ, ചിഞ്ചു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മാര്‍ഗംകളി ഏറെ നയനമനോഹരമായിരുന്നു.

തുടര്‍ന്ന് പൊതുസമ്മേളനം. അസോസിയേഷന്‍ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗ്ഗീസ് ഏവര്‍ക്കും സ്വാഗതം നേര്‍ന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. സ്വിന്‍ഡനിലെ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ ഫാദര്‍ സജി നീണ്ടൂര്‍ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും സന്ദേശവും നല്‍കി സംസാരിക്കുകയുണ്ടായി.

കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുദേവന്റെ എളിമയും സ്നേഹവും സാഹോദര്യവും ഏവരുടെയും ഹൃദയങ്ങളില്‍ കാത്തുസൂക്ഷിക്കണമെന്നും ഐക്യം മുറുകെപ്പിടിക്കണമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സെക്രട്ടറി ഷിബിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.

ജാതിമത വര്‍ണവര്‍ഗ ചിന്തകള്‍ക്കപ്പുറം മലയാളിയുടെ ആഘോഷത്തിന്റെ പ്രതീകമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷമെന്നും ആ ഒത്തുരുമയും കൂട്ടായ പ്രവര്‍ത്തനരീതിയുമാണ് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മുഖമുദ്രയെന്നും എല്ലാവരുടെയും കൂട്ടായ പങ്കാളിത്തമാണ് അസോസിയേഷന്റെ ശക്തിയെന്നും, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് ജിജി സജി സംസാരിച്ചു.

ക്രിസ്മസ് സ്നേഹത്തിന്റെയും നന്മയുടെയും തിരുനാള്‍ ആണെന്നും മറ്റുള്ളവരിലേക്ക് നന്മയുടെ പ്രകാശമാകാനുള്ള ഓര്‍മപ്പെടുത്തലാണ് ക്രിസ്മസ് എന്നും എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ മലയാളികള്‍ കാണുന്നതെന്നും വില്‍ഷെയര്‍ മലയാളികള്‍ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും മറ്റുള്ളവരെ മനസിലാക്കാനും അവരുടെ ദുഃഖവും സന്തോഷവും തന്റേതും കൂടെയാണെന്നും കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണെന്നും സ്നേഹവും കരുതലും നമുക്കോരോരുത്തര്‍ക്കും കാത്തുസൂക്ഷിക്കാമെന്നും ഇത്തരം കൂട്ടായ്മകളാണ് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും നമ്മെ പഠിക്കുന്നതെന്നും ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഫാദര്‍ സജി നീണ്ടൂര്‍ ക്രിസ്തുമസ് സന്ദേശം നല്‍കുകയുണ്ടായി.

ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തപ്പെട്ട പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് വേദിയില്‍ സമ്മാനം നല്‍കുകയുണ്ടായി. അസോസിയേഷന്റെ 2026 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള മെമ്പര്‍ഷിപ്പ് ഉദ്ഘാടനം പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. പൊതുസമ്മേളനത്തിനുശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും അതിനുശേഷം കൊച്ചിന്‍ ഗോള്‍ഡന്‍ ഹീറ്റ്സും ബിനു അടിമാലിയും ചേര്‍ന്നവതരിപ്പിച്ച മെഗാഷോയും ഉണ്ടായിരുന്നു. ട്രഷറര്‍ കൃതേഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ആഘോഷം മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ച മറ്റു കമ്മറ്റി അംഗങ്ങള്‍ ആയ ബൈജു വാസുദേവന്‍, ഡോണി പീറ്റര്‍, ഡെന്നിസ് വാഴപ്പിള്ളി, വര്‍ക്കി കുരുവിള, റെജബുല്‍ ഹഖ്, എബി തോമസ്, മാത്യു കുര്യാക്കോസ്, രാജേഷ് നടേപ്പിള്ളി, മഞ്ജു ടോം, ജെയ്‌സ് കെ ജോയ് എന്നിവരാണ്. പരിപാടിയുടെ നയന മനോഹരമായ രംഗങ്ങള്‍ ഒപ്പിയെടുത്തത് യുകെയിലെ പ്രശസ്തരായ ബെറ്റര്‍ഫ്രെയിംസ് ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രഫി ആണ്.
 
Other News in this category

 
 




 
Close Window